വിഷപ്പുകയാണെന്ന് നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് റൂറല്‍ എസ്പി പി.നിധിന്‍രാജ് വെളിപ്പെടുത്തി.
വാഹനത്തിലെ ജനറേറ്ററില്‍ നിന്നു പുറംതള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്ന നിഗമനത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിദഗ്ധര്‍ എത്തിയിരിക്കുന്നത്. ഇതിലെ വ്യക്തതക്കു വേണ്ടി
മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ വടകരയിലെത്തി കാരവനില്‍ വിശദ പരിശോധന നടത്തി. അടച്ചുഭദ്രമാക്കിയ വാഹനത്തിലെ എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിക്കുന്നതിന് ജനറേറ്റര്‍ ഓണ്‍ ചെയ്തിരുന്നു. ഇതില്‍ നിന്നുള്ള
കാര്‍ബണ്‍ മോണോക്‌സൈഡാണ് വില്ലനായതെന്ന നിഗമനത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.
ഫോറന്‍സിക് വിഭാഗം മേധാവി ഡോ.സുജിത്ത് ശ്രീനിവാസന്‍, അസി. പ്രൊഫസര്‍ ഡോ.പി.പി.അജേഷ് എന്നിവരാണ് പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചൊവ്വാഴ്ച സന്ധ്യയോടെ കാരവനില്‍ പരിശോധന നടത്തിയത്. ജനറേറ്ററും ബാറ്ററികളും വാഹനത്തിന്റെ ഉള്‍ഭാഗവും ഇവര്‍ പരിശോധനക്ക് വിധേയമാക്കി.
പൂര്‍ണമായും അടച്ചിട്ട വാഹനത്തിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പുക വാഹനത്തിന് ഉള്ളിലേക്ക് കടക്കാന്‍ സാധ്യത കൂടുതലാണ്. ഇത് സംബന്ധിച്ച വിശദ പരിശോധന വേണ്ടതുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പി.നിധിന്‍ രാജ് പറഞ്ഞു. സ്ഥിരമായി കാരവന്‍ ഓടിക്കുന്ന ആളല്ല ഈ വാഹനം ഓടിച്ചത്. വാഹന സംബന്ധമായ ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കാരണമായേക്കാമെന്നാണ് പോലീസ് നിഗമനം. കരിമ്പനപ്പാലത്ത് വാഹനം നിര്‍ത്തി ഉറങ്ങാന്‍ കിടന്നതിനു പിന്നാലെ പുക ശ്വസിച്ച് ഇരുവരും മരണപ്പെട്ടിരിക്കാമെന്നു കരുതുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
ചെറുവാഹനങ്ങളില്‍ വാതകം ശ്വസിച്ച് മരണപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കാരവന്‍ പോലുള്ള വലിയ വാഹനത്തില്‍ ഇത്തരം സംഭവം അപൂര്‍വമാണെന്ന് റൂറല്‍ എസ്പി പി.നിധിന്‍രാജ് പറഞ്ഞു.
കാര്‍ബണ്‍ മോണോക്‌സൈഡ് മരണകാരണമെന്നത് പ്രാഥമിക നിഗമനം മാത്രമാണ്. ആന്തരാവയവ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കെടുത്തിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിക്കുന്നതോടെ മാത്രമേ അന്തിമ നിഗമനത്തില്‍ എത്താനാവൂ എന്നും എസ്പി വ്യക്തമാക്കി.
നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശ് പടന്നയില്‍, നാദാപുരം ഡിവൈഎസ്പി പ്രമോദ്, വടകര പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, എംവിഐ സനല്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.