ഇടുക്കി: കട്ടപ്പനയിലെ സഹകരണ സൊസെെറ്റിയിൽ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു
ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസെെറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

20നാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാബുവിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പിൽ തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജിയും ജീവനക്കാരായ ബിനോയും ഷിജുവുമാണെന്ന് എഴുതിയിരുന്നു.
കൂടാതെ സൊസൈറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ബാങ്ക് മുൻ പ്രസിഡന്റും സി.പി.എം മുൻ ഏരിയ സെക്രട്ടറിയുമായ വി.ആർ. സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്തുവന്നത്. ഇതോടെയാണ് സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നത്.