കൊച്ചി: അമ്മയുടെ മൃതദേഹം ആരെയും അറിയിക്കാതെ മറവുചെയ്യാന്‍ ശ്രമിച്ച മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി വെണ്ണലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
വെണ്ണല സ്വദേശിയായ 70 വയസുള്ള അല്ലിയുടെ മൃതദേഹം മറവുചെയ്യാനായി കുഴി എടുത്ത മകന് പ്രദീപിനെയാണ് (50) പോലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി പാലാരിവട്ടം പോലീസ് അറിയിച്ചു.
മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിക്കുന്നതുകണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. മദ്യലഹരിയിലായിരുന്നു പ്രദീപ്. ഇന്നലെ പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാന്‍ പുറത്ത് പോയിരുന്നു. പ്രദീപ് സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്നമുണ്ടാക്കാറുണ്ട്. ബുധനാഴ്ച രാത്രിയും വീട്ടില്‍നിന്ന് ബഹളം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു.
അമ്മ മരിച്ചതിനെ തുടര്‍ന്ന് കുഴിച്ചിടാനാണ് ശ്രമിച്ചതെന്നാണ് പ്രദീപ് പോലീസിനോട് പ്രതികരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.