ആയഞ്ചേരി: അസി. എഞ്ചിനീയര്‍ നിയമനം നീളുന്നത് ആയഞ്ചേരിയില്‍ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയതായി ആക്ഷേപം. പഞ്ചായത്തില്‍ വര്‍ഷങ്ങളിലായി സ്ഥിരം അസി. എന്‍ജിനീയര്‍ ഇല്ല. നാലുമാസമായി എന്‍ജിനീയര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. മണിയൂര്‍, തിരുവള്ളൂര്‍, വില്യാപ്പള്ളി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ എ.ഇമാര്‍ക്ക് അധിക ചുമതല നല്‍കിയാണ് അധികൃതര്‍ കടമ നിറവേറ്റുന്നത്. ഇതാകട്ടെ ഈ പഞ്ചായത്തുകളുടെയും പ്രവര്‍ത്തനത്തെ താളം തെറ്റിക്കുകയാണെന്ന പരാതിയുമുണ്ട്.
ഇപ്പോള്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് എ.ഇക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. ബ്ലോക്കില്‍ തന്നെ പിടിപ്പത് ജോലിത്തിരക്കിനിടയില്‍ പഞ്ചായത്തിലെ പ്രവൃത്തികള്‍ക്ക് എങ്ങനെ മേല്‍നോട്ടം വഹിക്കുമെന്ന ചോദ്യം സ്വാഭാവികം. ഓവര്‍സിയറുടെ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. ഭിന്നശേഷിക്കാരനായ ഒരു ഓവര്‍സിയര്‍ മാത്രമാണ് പഞ്ചായത്തിലെ എല്‍എസ്ജിഡി വിഭാഗത്തില്‍ നിലവിലുള്ളത്.
കേന്ദ്ര ധനകാര്യ കമ്മീഷന്റെയും മെയിന്റനന്‍സ് ഗ്രാന്‍ഡില്‍ ഉള്‍പ്പെടുത്തിയതും തനത് ഫണ്ട് ഉപയോഗിച്ചുള്ളതുമായ പദ്ധതിയില്‍ തയ്യാറാക്കിയ 50 ഓളം റോഡ് പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുകയാണ്. പല പഞ്ചായത്തിലും ഇത്തരം ഫണ്ടുകളിലുള്ള പ്രവൃത്തികള്‍ ഭാഗികമായോ പൂര്‍ണമായോ ചെയ്തു വരുമ്പോള്‍ ആയഞ്ചേരിയില്‍ ടെണ്ടര്‍ നടപടി പോലും തുടങ്ങിയിട്ടില്ല. മാര്‍ച്ച് കഴിയുന്നതിന് മുമ്പ് ടെണ്ടര്‍ നടപടി ആരംഭിച്ച് പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ വേറെയും ഒരുപാട് തുടങ്ങാനുണ്ട്.
പൊതുമരാമത്ത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായതോടെ പഞ്ചായത്തിലെ നിര്‍മാണ രംഗം തന്നെ സ്തംഭനാവസ്ഥയിലാണ്. പഞ്ചായത്തിന് വരുമാനം ലഭിക്കേണ്ട നിരവധി കെട്ടിട നിര്‍മാണം നിലച്ച മട്ടാണ്. പാര്പിടാവശ്യവും വാണിജ്യാവശ്യവുമായ നൂറു കണക്കിന് കെട്ടിടങ്ങള്‍ സന്ദര്‍ശിക്കാനോ പെര്‍മിറ്റ് നല്‍കാനോ നമ്പറിങ് പൂര്‍ത്തിയാക്കാനോ എഇ ഇല്ലാത്തതിനാല്‍ കഴിയുന്നില്ല. നല്ലൊരു വരുമാനം ലഭിക്കേണ്ട ഇത്തരം പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുന്നത് പഞ്ചായത്തിനു തന്നെ ഭീമമായ നഷ്ടമാണ് വരുത്തുന്നത്. പാര്പിടാവശ്യത്തിന് പണികഴിപ്പിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ലഭിക്കാത്തത് പൊതുജനങ്ങളെയും ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്.
എഇയെ നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ മുട്ടാത്ത വാതിലുകളില്ല. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ മുഴുവന്‍ പോയി തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ജില്ലാ കളക്ടര്‍, ജോയിന്റ് ഡയറക്ടര്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊക്കെ നിവേദനം നല്‍കിയെങ്കിലും അനുകൂല നടപടികള്‍ അധികൃതര്‍ ഇതുവരെ കൈകൊണ്ടിട്ടില്ല.
എഇയെ നിയമിക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടോയെന്ന് ഭരണപക്ഷം സംശയിക്കുന്നു. ഉടന്‍ നിയമിക്കാത്ത പക്ഷം സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ ഭരണകൂടത്തിന് മുന്നിലും ഭരണസമിതി അംഗങ്ങള്‍ കുത്തിയിരിപ്പ് സമരവും അതോടൊപ്പം പഞ്ചായത്തിലെ പൊതുജനങ്ങളെ ഉള്‍പ്പെടുത്തി പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് എന്‍.അബ്ദുല്‍ ഹമീദ് അറിയിച്ചു.