വടകര: മൂന്ന് നാള് വടകരക്ക് കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ അറിവിന്റെ സുഗന്ധം പകര്‍ന്ന കടത്തനാട് ലിറ്ററേച്ചര്‍
ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിനു തിരശ്ശീല വീണു. സമാപന സമ്മേളനം കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കടത്തനാട് കണ്ട ഏറ്റവും വലിയ മഹോത്സവങ്ങളില്‍ ഒന്നാണ് ലിറ്ററേച്ചര്‍ ഫെസ്റ്റെന്ന് അവര്‍ പറഞ്ഞു. ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്മാന് ഐ.മൂസ അധ്യക്ഷത വഹിച്ചു. ഡയരക്ടര്‍ കല്പറ്റ നാരായണന്, മനയത്ത് ചന്ദ്രന്, എംസി വടകര, ജനറല്‍ കണ്‍വീനര്‍ സതീശന് എടക്കുടി, ട്രഷറര്‍ ലത്തീഫ് കല്ലറയില്‍ എന്നിവര്‍ സംസാരിച്ചു
അമ്പതിലേറെ സെഷനുകളിലായി നൂറിലേറെ പ്രഗത്ഭരാണ് വ്യത്യസ്ത വിഷയങ്ങളില്‍ സംവാദത്തിനായി വടകരയിലെത്തിയത്. രണ്ടു വേദികളിലായി ഇടവേളകളില്ലാതെ ഇവര്‍ നിറഞ്ഞ സദസുമായി ഇടപഴകി. ആദ്യ ദിവസം ‘നെഹ്റുവിന്റെ ജനാധിപത്യ സംസ്കാര’വുമായി തുടങ്ങിയ സംവാദം സമാപന ദിവസം ‘കഥാകഥനത്തിന്റെ പുതുരൂപങ്ങള്‍’ വരെ നീണ്ടപ്പോള്‍ വേറിട്ട അനുഭവമായി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മാറി. ഭാവനയുടെ ശക്തി, കഥ പറയുന്നു, എന്റെ രചനാ സങ്കല്പം, ദളിത് സൗന്ദര്യശാസത്രം, കാഫ്കയും വര്‍ത്തമാനകാല ഇന്ത്യയും, നോവലിലെ സ്ഥലകാലങ്ങള്‍, കാവ്യാലാപനത്തിലെ കല, മാറുന്ന മലയാള നോവല്‍, നടനം-നാടകത്തിലും സിനിമയിലും, വിദ്യാര്‍ഥി യുവജനരാഷ്ട്രീയം ഇന്നലെ, ഇന്ന്, നാളെ, എഐ കാലത്തെ കഥാകഥനം, വായനയുടെ രാഷ്ട്രീയം, പുനത്തില്‍ സ്മൃതി, സ്വതന്ത്ര ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍, നര്‍മത്തിന്റെ നിറഭേദങ്ങള്‍, ഭരണഘടനയുടെ 75-ാം വാര്‍ഷികം, പശ്ചിമേഷ്യ എങ്ങോട്ട്, മൈത്രി, മാധ്യമരംഗത്തെ വെല്ലുവിളികള്‍, മാതൃഭാഷയും സാമൂഹ്യ വികസനവും,
സഹകരണവും സംരംഭകത്വവും, പ്രവാസിയുടെ ലോകങ്ങള്‍, കഥയും പരിസ്ഥിതിയും എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളാണ് ഫെസ്റ്റില്‍ കൈകാര്യം ചെയ്തത്. ഇതോടൊപ്പം ശ്രുതി മധുരമായ സംഗീത വിരുന്നുമായി
ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേറിട്ടതായി. ക്രമം തെറ്റാതെയും ചടുലവുമായ പരിപാടികളും അതിന്റെ തയ്യാറെടുപ്പുകളും വിജയകരമായി പര്യവസാനിച്ചതില്‍ ആഴ്ചകളായി ഊണും ഉറക്കവും വെടിഞ്ഞ് നിസ്വാര്‍ഥ സേവനം നടത്തിയ അണിയറ പ്രവര്‍ത്തകര്‍ക്ക്
അഭിമാനിക്കാം.