നാദാപുരം: വടകര ചോറോട് മുത്തശ്ശിയെയും പേരക്കുട്ടിയെയും കാറിടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയ കേസിലെ പ്രതിയായ ഡ്രൈവര്‍ക്കെതിരെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി വ്യാജ രേഖ ചമച്ച സംഭവത്തിലും കേസ്. പുറമേരി സ്വദേശി മീത്തലെ പുനത്തില്‍ സി.ഷജീലിനെതിരെയാണ് (36) നാദാപുരം പോലീസ് കേസെടുത്തത്.
പ്രതിയുടെ കെഎല്‍ 18 ആര് 1846 നമ്പര്‍ കാറിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി കാര്‍ വെള്ളൂര്‍ റോഡില്‍ മതിലിന് ഇടിച്ച് അപകടമുണ്ടായതായി വ്യാജ ഫോട്ടോ നിര്‍മിച്ച് ഇന്‍ഷുറന്‍സ് സര്‍വ്വയര്‍ക്ക് സമര്‍പ്പിച്ച് കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്. 36,590 രൂപയാണ് പ്രതി കമ്പനിയില്‍ നിന്ന് തട്ടിയെടുത്തത്.
അപകടത്തില്‍ പെട്ട അമ്മൂമ്മ ബേബി മരണപ്പെടുകയും ഗുരുതരമായി പരിക്കേറ്റ പേരക്കുട്ടി ദൃഷ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുമായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി.ബെന്നിയും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ഇടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയ കാര്‍ തിരിച്ചറിഞ്ഞത്. നിലവില്‍ പ്രതി ഷജീല്‍ വിദേശത്താണ് ഉള്ളത്. കഴിഞ്ഞ ഫെബ്രുവരി 18 നാണ് ഷജീലും ഭാര്യയും മക്കളും സഞ്ചരിച്ച കാര്‍ അപകടം ഉണ്ടാക്കിയത്. നിര്‍ത്താതെ ഓടിച്ച് പോയ കാര്‍ ഫെബ്രുവരി 23 ന് പുറമേരി വെള്ളൂര്‍ റോഡിലെ വര്‍ക്ക് ഷോപ്പില്‍ മതിലില്‍ ഇടിച്ച് അപകടത്തില്‍ പെട്ടെന്ന് വരുത്തി തീര്‍ത്താണ് ഇന്‍ഷുറന്‍സ് കമ്പനിയെ വഞ്ചിച്ച് പണം തട്ടിയത്.