പേരാമ്പ്ര: കംബോഡിയ കേന്ദ്രമായി തൊഴില്‍തട്ടിപ്പ് നടത്താന്‍ മലയാളികളെ എത്തിച്ച സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. തോടന്നൂര്‍ മന്തരത്തൂര്‍ മൊയിലോത്ത് പറമ്പത്ത് ശ്രീപര്‍ണം അധിരഥാണ് (25) പിടിയിലായത്. സംഘത്തിലെ പ്രധാനിയായ തോടന്നൂര്‍ പീടികയുള്ളതില്‍ താമസിക്കും തെക്കേ മലയില്‍ അനുരാഗിനെ (25) കഴിഞ്ഞ വെള്ളിയാഴ്ച നെടുമ്പാശേരി പോലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് അധിരഥ് അറസ്റ്റിലാവുന്നത്. അനുരാഗിനെ പോലെ കംബോഡിയയിലായിരുന്ന അധിരഥ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി നാട്ടിലേക്ക് വരവെ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇയാളെ പേരാമ്പ്ര പോലീസിനു കൈമാറി.
പേരാമ്പ്രയിലെയും വടകരയിലെയും ഒട്ടേറെ പേരാണ് അനുരാഗും അധിരഥും അടങ്ങിയ സംഘത്തിന്റെ തൊഴില്‍തട്ടിപ്പിന് ഇരയായത്. ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലെ ഓണ്‍ലൈന്‍ തട്ടിപ്പ് കമ്പനിയില്‍ എത്തിച്ച് യുവാക്കളെ ദ്രോഹിക്കുകയായിരുന്നു. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് സംഘം യുവാക്കളെ വലയിലാക്കിയത്. എന്നാല്‍ പറഞ്ഞ ജോലിക്കു പകരം ഓണ്‍ലൈന്‍ തട്ടിപ്പ് ചെയ്യിക്കുകയായിരുന്നു ഉദ്ദേശ്യം. ഇതിനു തയ്യാറാകാത്തതിന്റെ പേരില്‍ തട്ടിപ്പു സംഘത്തില്‍ നിന്നു ദിവസങ്ങളോളം ക്രൂര മര്ദ്ദനമുള്പ്പെടെ യുവാക്കള്‍ക്ക് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.
കൂത്താളി പനക്കാട് മാമ്പള്ളി അബിന്‍ ബാബു, മണിയൂര്‍ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂല്താഴ അരുണ്‍, പിലാവുള്ളതില്‍ സെമില്‍ദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായിമീത്തല്‍ അശ്വന്ത് എന്നിവരും ഒരു എടപ്പാള്‍ സ്വദേശിയും ബംഗലുരുവിലുള്ള ഒരു യുവാവും ഈ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തുകയായിരുന്നു.
അബിന്‍ബാബുവിന്റെ പിതാവ് ബാബു പേരാമ്പ്ര പോലീസില്‍ നല്കിയ പരാതിയില്‍ നാലാളുകളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് രണ്ടു പേര് അറസ്റ്റിലായത്.
തായ്ലന്റിലെ പരസ്യ കമ്പനികളിലും ഐടി കമ്പനികളിലും ജോലിയെന്ന് പറഞ്ഞാണ് യുവാക്കളെ കൊണ്ടുപോയത്. തായ്ലാന്റില് എത്തിയശേഷമാണ് കംബോഡിയയിലാണ് ജോലി എന്നുപറയുന്നത്. അതാവട്ടെ സൈബര്‍ തട്ടിപ്പും. ഇത്തരം നിയമവിരുദ്ധപ്രവര്‍ത്തനം ചെയ്യുന്ന കമ്പനിയാണ് കംബോഡിയയിലേത്. ഈ ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ ക്രൂരമായ പീഡനമാണ് ഏല്‍ക്കേണ്ടിവന്നത്. മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ടാക്സിഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെട്ട് കംബോഡിയയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് നാട്ടിലേക്കുള്ള രക്ഷപ്പെടല്‍.
മനുഷ്യക്കടത്ത്, തടവില്‍ പാര്‍പ്പിക്കല്‍, പണത്തിന് വേണ്ടി തട്ടികൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് തട്ടിപ്പു സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്.