വേൾഡ് സെന്റോസ: ചതുരംഗക്കളത്തിൽ വിശ്വനാഥൻ ആനന്ദിനുശേഷം അദ്ദേഹത്തിന്റെ പ്രിയശിഷ്യൻ ഡി.ഗുകേഷ്
ഭാരതത്തിന്റെ വെന്നിക്കൊടിപാറിച്ച് വിസ്മയചരിത്രമെഴുതി. നിലവിലെ ചാമ്പ്യനും ചൈനീസ് ഗ്രാൻഡ്മാസ്റ്ററുമായ ഡിംഗ് ലിറെനെ ലോകചാമ്പ്യൻഷിപ്പിന്റെ ക്ളാസിക് ഫോർമാറ്റിലെ 14 റൗണ്ടിൽ 7.5-6.5 എന്ന പോയിന്റ് നിലയിലാണ് തറപറ്റിച്ചത്. 18 വയസ് മാത്രമാണ് ഗുകേഷിന്. ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനെന്ന ചരിത്രനേട്ടവും ഗുകേഷ് എഴുതിച്ചേർത്തു. ഇന്നലെ അവസാന റൗണ്ട് പോരാട്ടത്തിനിറങ്ങുമ്പോൾ ഇരുവർക്കും ആറര പോയിന്റ് വീതമായിരുന്നു. ആദ്യ 40 നീക്കങ്ങൾ പിന്നിട്ടപ്പോൾ ഈ കളിയും സമനിലയിലേക്ക് എന്ന് പ്രഖ്യാപിച്ച ചെസ് വിശാരദരെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് 58-ാം നീക്കത്തിൽ ഡിംഗ് ലിറനെ അടിയറവു പറയിപ്പിച്ചത്. അവസാനറൗണ്ടിൽ ലിറെന് വെള്ളക്കരുക്കളുടെ ആനുകൂല്യമുണ്ടായിരുന്നിട്ടും ഗുകേഷ് ഒരൊറ്റ
കാലാളിന്റെ അധിക ആനുകൂല്യത്തിൽ വിജയത്തിലേക്കുള്ള കരുനീക്കി അഭിമാനചരിത്രം കുറിച്ചു.

