പാറക്കടവ്: മയ്യഴിപ്പുഴക്ക് കുറുകെ ചെക്യാട്, തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേടിയാലക്കടവ് പാലത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ ജനവരി ആദ്യം പൂര്‍ത്തീകരിക്കും.
ചെക്യാട് ഗ്രാമ പഞ്ചായത്തിലെ ഉമ്മത്തൂര്‍ ഭാഗത്തെ സ്ലാബിന്റെ കോണ്‍ക്രീറ്റ് ജോലികളാണ് ബാക്കിയുള്ളത്. മന്ദഗതിയിലാണെങ്കിലും അടുത്ത മാസം തുടക്കത്തില്‍ ഇതിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രത്യാശയാണ് ബന്ധപ്പെട്ടവര്‍ പങ്കുവെക്കുന്നത്. തുടര്‍ന്ന് അപ്രോച്ച് റോഡിന്റെ ജോലികളും പെട്ടെന്ന് പൂര്‍ത്തിയാക്കും. ഇതോടെ പ്രദേശത്തുകാരുടെ ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പാണ് സഫലമാവുന്നത്. മഴക്കാലത്ത് പുഴ നിറഞ്ഞു കവിയുമ്പോള്‍ മറുകരയെത്താനാവാതെ പ്രയാസമനുഭവിക്കുകയാണ് ഒരു പ്രദേശത്തിന്റെ രണ്ട് ഭാഗങ്ങളില്‍ കഴിയുന്നവര്‍. നേരത്തെ പുഴക്ക് കുറുകെ കമ്പിപ്പാലമുണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പത്തെ വെള്ളപ്പൊക്കത്തില്‍ അത് തകര്‍ന്നതോടെയാണ് ഇവിടത്തുകാരുടെ
യാത്ര ദുഷ്കരമായത്. തകര്‍ന്ന കമ്പിപ്പാലത്തില്‍ കൂടി അങ്ങേയറ്റം സാഹസികമായി വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഇപ്പോഴും യാത്ര ചെയ്യുന്നത്. പാലം യഥാര്‍ഥ്യമാവുന്നതോടെ ഈ പ്രദേശത്തുകാരുടെ വളരെക്കാലമായുള്ള യാത്രാദുരിതത്തിന് അറുതിയാകും. സംസ്ഥാന ഹൈവേയില്‍ നിന്നു കണ്ണൂര്‍ എയര്‍പോര്‍ട്ട് അടക്കമുള്ള സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും പാലം സഹായകമാകും.

