
2034ലേത് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നടക്കുന്ന മൂന്നാമത്തെ ലോകകപ്പാണ്. 2002ലാണ് ആദ്യമായി ഏഷ്യയില്‍ ഫിഫ ലോകകപ്പ്


സൗദിയില്‍ പതിനഞ്ച് സ്റ്റേഡിയങ്ങളിലായി 104 മത്സരങ്ങള്‍
റിയാദ്: സൗദിയിലെ അഞ്ച് നഗരങ്ങളിലെ പതിനഞ്ച് സ്റ്റേഡിയങ്ങളിലായി 104 മത്സരങ്ങളാണ് നടക്കുക. റിയാദിലെ വേള്‍ഡ് കപ്പ് ഒരുക്കങ്ങളുടെ പ്രദര്‍ശന വേദിയില്‍ പ്രഖ്യാപനം ആരവങ്ങളോടെ ഏറ്റുവാങ്ങാന്‍ മന്ത്രിമാരെത്തിയിരുന്നു.
ലോകകപ്പിന്റെ ആതിഥേയത്വത്തിനായുള്ള ലേല ചരിത്രത്തിലെ തന്നെ (419500) ഉയര്‍ന്ന സ്കോര്‍ സൗദിക്ക് നേരത്തെ ലഭിച്ചിരുന്നു. 15 മാസത്തിലേറെ നീണ്ടുനിന്ന നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഫിഫയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആഘോഷത്തിലാണ് ലോകകപ്പ് നടക്കാനിരിക്കുന്ന നഗരികള്‍. മറ്റാരും മത്സര രംഗത്തില്ലാതിരിക്കാന്‍ സൗദി അറേബ്യ നേരത്തെ തന്നെ കരുനീക്കങ്ങള്‍ നടത്തിയിരുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെത്തിയ ജര്‍മനിയുടെ ലോകകപ്പ് ചരിത്രം സൗദി മറികടക്കും. ആറര ലക്ഷത്തോളം പേരാണ് ജര്‍മനിയിലെ സ്റ്റേഡിയം സീറ്റുകളില്‍ മത്സരം കണ്ടത്. സൗദിയിലത് ഏഴ് ലക്ഷത്തി അറുപത്തി രണ്ടായിരമാണ്. ലോകകപ്പിന്റെ 104 മത്സരങ്ങളും സൗദിയില്‍ തന്നെ നടക്കും. 15 സ്റ്റേഡിയങ്ങളിലാകും മത്സരമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. അതില്‍ എട്ടെണ്ണം പുതുതായി നിര്‍മിക്കാന്‍ പോകുന്നതാണ്.
റിയാദ്, ജിദ്ദ, ഖോബാര്‍, നിയോം, അബഹ എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. സ്റ്റേഡിയങ്ങളില്‍ ഏറ്റവും വലുത് റിയാദിലായിരിക്കും. 92,000 പേര്‍ക്ക് ഇരിക്കാവുന്നതാകും ഇവിടെ ഒരുങ്ങുന്ന സ്റ്റേഡിയം. ലോകകപ്പിന് മുന്നോടിയായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ലീഗിലേക്ക് എത്തിച്ചത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. നിലവില്‍ സൗദി ക്ലബ് അല്‍-നസറിനായാണ് റോണോ കളിക്കുന്നത്. നേരത്തെ യൂറോപ്പിലെ പ്രധാന ക്ലബുകളില്‍ കളിച്ചിരുന്ന നെയ്മര്‍, കരിം ബെന്‍സിമ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളാണ് സൗദി ലീഗിലെ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങുന്നത്.