വടകര: മടപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അമല്‍ കൃഷ്ണയുടെ (14) വലത് കണ്ണ് കൃത്രിമമാണ്. പക്ഷേ, മെഡിക്കല്‍ ബോര്‍ഡ് നല്‍കിയത് 30 ശതമാനം മാത്രം കാഴ്ചക്കുറവ് എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ്. 40 ശതമാനം കാഴ്ചവൈകല്യം ഉണ്ടെങ്കിലേ എന്തെങ്കിലും ആനുകൂല്യം കിട്ടുകയുള്ളൂ. ഒരു കണ്ണ് പൂര്‍ണമായും ഇല്ലായിട്ടും മകന് അതനുസരിച്ചുള്ള ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല എന്ന പരാതിയുമായാണ് വള്ളിക്കാട് പുതിയാടത്തില്‍ കെ.കെ.രാജീവന്‍ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന താലൂക്ക്തല അദാലത്തില്‍ എത്തിയത്.
അലന്റെ പരാതി കേട്ട വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറെ വിളിപ്പിച്ചു കാര്യം തിരക്കി. മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നായിരുന്നു ഡെപ്യൂട്ടി ഡിഎംഒയുടെ മറുപടി. ജന്മനാ ഒരു കണ്ണില്ലാത്ത ആളുടെ കാഴ്ചക്കുറവ് എങ്ങിനെയാണ് 30 ശതമാനം മാത്രമാകുന്നത്?- മന്ത്രി ചോദിച്ചു. ഇക്കാര്യം ഒന്ന് കൂടി പരിശോധിച്ച് കുട്ടി അര്‍ഹിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മന്ത്രി ഉടന്‍ തന്നെ നിര്‍ദേശം നല്‍കി.
ദിവസവരുമാനക്കാരനായ രാജീവന്‍ 2016 മുതല്‍ മകന് അര്‍ഹിച്ച ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിനായി പല വാതിലുകളും മുട്ടുന്നു. ‘അലന് ജന്മനാ വലതുകണ്ണില്ല. മധുരയിലെ കണ്ണാശുപത്രിയില്‍ വെച്ചാണ് കൃത്രിമ കണ്ണ് പിടിപ്പിച്ചത്. അലന്റെ ഇടത് കണ്ണിനും കാഴ്ചകുറവുണ്ട്. മൂന്ന് തവണ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകളില്‍ 30 ശതമാനം കാഴ്ചക്കുറവ് എന്നാണ് പറഞ്ഞിരിക്കുന്നത്’-രാജീവന്‍ പറഞ്ഞു.
അദാലത്തില്‍ മന്ത്രി പറഞ്ഞ തീരുമാനമാകയാല്‍ മെഡിക്കല്‍ ബോര്‍ഡ് ഒരിക്കല്‍ കൂടി അലന്റെ കണ്ണ് പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നാണ് രാജീവന്റെ പ്രതീക്ഷ.