കൊയിലാണ്ടി: തൃക്കാര്‍ത്തിക വിളക്കിന്റെ ഭാഗമായി പിഷാരികാവില്‍ നടന്നു വരുന്ന സംഗീതോത്സവം മേളപ്രപഞ്ചം തീര്‍ക്കുന്നു. പ്രതിഭകളും പ്രശസ്തരുമായ വ്യക്തിത്വങ്ങളുടെ കച്ചേരികള്‍ സംഗീത പ്രേമികള്‍ക്കും ഭക്തജനങ്ങള്‍ക്കും നല്‍കുന്നത് സവിശേഷമായ അനുഭൂതി. സംഗീത സംവിധായകന് എം.ജയചന്ദ്രന് ഡിസംബര്‍ ആറിന് തിരികൊളുത്തിയ സംഗീതോത്സവത്തില്‍ ഇതിനകം ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം, ഹരിപ്രസാദ് സുബ്രഹ്മണ്യന്റെ പുല്ലാങ്കുഴല്‍ കച്ചേരി, ശ്രീലാ മോഹന്റെ വീണക്കച്ചേരി, ഭരദ്വാജ് സുബ്രഹ്മണ്യം ചെന്നൈയുടെ സംഗീതക്കച്ചേരി എന്നിവ നടന്നു കഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 10ന് മാതംഗി സത്യ മൂര്‍ത്തിയുടെ സംഗീതക്കച്ചേരി, 11ന് ഡോ. അടൂര്‍ പി. സുദര്‍ശന്റെ സംഗീതക്കച്ചേരി, 12ന് മുഡി കൊണ്ടാന് രമേഷ് ചെന്നൈയുടെ വീണക്കച്ചേരി, 13ന് തൃക്കാര്‍ത്തിക ദിവസം ചെങ്കോട്ടൈ ഹരിഹര സുബ്രഹ്മണ്യന്റെ
സംഗീതക്കച്ചേരി എന്നിവ ആസ്വാദകരില്‍ വിസ്മയം ചൊരിയും. അന്നേ ദിവസം ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് തൃക്കാര്‍ത്തിക സംഗീത പുരസ്കാരം സമര്‍പിക്കും.
ഞായറാഴ്ച ഭരദ്വാജ് സുബ്രഹ്മണ്യന് ചെന്നൈയുടെ സംഗീതക്കച്ചേരി ആസ്വദിക്കാന്‍ വന്‍ജനാവലി എത്തി. വിശ്വാസ് സ്വാമിനാഥന് ചെന്നൈ വയലിനിലും കെ.എം.എസ്.മണി മൃദംഗത്തിലും പക്കമേളമൊരുക്കി. തിങ്കളാഴ്ച വൈകീട്ട് ടി എച്ച്. സുബ്രഹ്മണ്യം വയലിന് കച്ചേരി ഒരുക്കി. കെ.എസ്. മഹേഷ് കുമാര്‍ പാലക്കാട്, രത്ന ശ്രീ അയ്യര്‍ എന്നിവരാണ് പക്കമേളമൊരുക്കിയത്.
-സുധീര്‍ കൊരയങ്ങാട്