നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ മാടാഞ്ചേരിയിലും പാലൂരിലും കാട്ടാനകളിറങ്ങി വ്യാപകമായ തോതില്‍ കൃഷി
നശിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനത്തില്‍ നിന്നാണ് ആനകള്‍ കൂട്ടത്തോടെ കൃഷി ഭൂമിയിലിറങ്ങുന്നത്. പ്രദേശവാസികളായ കുറ്റിക്കാട്ടില്‍ ബിജു, പുല്‍തകിടിയേല്‍ കുഞ്ഞൂട്ടി എന്നിവരുടെ പറമ്പില്‍ ആനകളിറങ്ങി കാര്‍ഷിക വിളകള്‍ വന്‍തോതില്‍ നശിപ്പിച്ചു. ഇരുപതോളം റബ്ബറുകള്‍, മുപ്പതിലേറെ കവുങ്ങുകള്‍, വാഴകള്‍, തെങ്ങ് എന്നിവ നശിപ്പിച്ചു. കുട്ടി ആനകള്‍ ഉള്‍പ്പെടെ ഏഴ് ആനകള്‍ കൃഷിയിടത്തിലും വനമേഖലയിലും തമ്പടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കണ്ണവം വനത്തില്‍ നിന്ന് പുഴ കടന്നാണ് ആനകള്‍ കോഴിക്കോട് ജില്ലയിലെ കൃഷി ഭൂമിയിലിറങ്ങുന്നത്. ജനവാസമേഖലയുമാണ് ഈ കൃഷിയിടം. ജില്ലാ അതിര്‍ത്തിയില്‍
ഫെന്‍സിംഗ് ലൈനുകള്‍ സ്ഥാപിക്കാത്തതാണ് ആനകള്‍ കൃഷിഭൂമിയിലെത്താന്‍ ഇടയാക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പും ഇതേ സ്ഥലത്ത് ആനകള്‍ ഇറങ്ങി വ്യാപകമായി കൃഷി നാശിപ്പിച്ചിരുന്നു.

