തിരുവന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നതാണെന്ന നിലപാടില്‍ ഉറച്ചു പിതാവ് കെ.സി.ഉണ്ണി. സ്വര്‍ണക്കടത്ത് മാഫിയയാണ് മകന്റെ മരണത്തിന് പിന്നില്‍. ഡ്രൈവര്‍ അര്ജുന് അറസ്റ്റിലായത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അര്ജുന് നേരത്തെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. അപകടത്തിന് ശേഷമാണ് കേസുകളെക്കുറിച്ച് അറിഞ്ഞത്. അര്ജുന് sപാലീസിന്റെ പിടിയിലായതോടെ ഇനി മരണത്തിന് പിന്നിലെ

സത്യങ്ങള്‍ പുറത്തുവരുമെന്ന് ബാലഭാസ്കറിന്റെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അപകടം നടക്കുന്ന സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്കറാണെന്നാരോപിച്ച് അര്ജുന് തങ്ങള്‍ക്കെതിരെ ത്യശൂര്‍ എംഐസിടിയില് കേസ് കൊടുത്തിരുന്നു. ഒരു കോടി രൂപ തനിക്ക് നഷ്ടപരിഹാരം തരണം എന്നായിരുന്നു അര്‍ജുന്റെ ആവശ്യം. സംശയമല്ല ബാലഭാസ്കറിന്റെ മരണത്തിന് പിന്നില്‍ അര്ജുന് തന്നെയാണെന്ന് ഉറപ്പാണ്. കള്ളക്കടത്ത് മാഫിയ അതൊരു വലിയ സംഘമാണ്. എങ്ങും തൊടാതെയുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സിബിഐ കൊടുത്തിരിക്കുന്നത്. അവരും സംഘത്തിന്റെ സ്വാധീനത്തിന് വഴങ്ങി. സ്വര്‍ണക്കടത്തുകാരും അതുമായി ബന്ധപ്പെട്ട വലിയൊരു സംഘവുമാണ്

ബാലഭാസ്കറിന്റെ മരണത്തിന് പിന്നില്‍. കേസില്‍ ഒരു നീതിയും ലഭിച്ചിട്ടില്ല. പുതിയ കേസിന്റെ പശ്ചാത്തലത്തില്‍ നിയമനടപടി ആലോചിക്കും-കെ സി ഉണ്ണി കൂട്ടിച്ചേര്‍ത്തു.
ഒക്ടോബറിലാണ് ബാലഭാസ്കര്‍ മരിച്ച് 6 വര്‍ഷം പൂര്‍ത്തിയായത്. അന്ന് മുതല്‍ ഇന്നുവരെ മരണവുമായി ബന്ധപ്പെട്ട് വലിയ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.അതേസമയം, അര്ജുന് അറസ്റ്റിലായെങ്കിലും ഇതിന് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന നിലപാടിലാണ് പൊലീസ് . പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസിലാണ് ബാലഭാസ്ക്കറിന്റെ ഡ്രൈവര്‍ അര്ജുന് അറസ്റ്റിലായത്. കേസില്‍ ബാലഭാസ്കറിന്റെ ഡ്രൈവറും ഉള്‍പ്പെട്ടെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ത്യശൂര്‍ സ്വദേശിയാണ് പിടിയിലായ അര്ജുന്.