
ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. അയൽസംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാം എന്ന നിഗമനത്തിൽ പൊലീസ് തമിഴ്നാട്ടിലും കർണാടകയിലും സനൂഫിനായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് ചെന്നൈയിൽ നിന്ന് പ്രതി പിടിയിലായത്. കഴിഞ്ഞ ഞായർ രാത്രി 11മണിയോടെയാണ് സനൂഫും ഫസീലയും ലോഡ്ജിൽ മുറിയെടുത്തത്. മൂന്ന് ദിവസത്തേക്കാണ് മുറിയെടുത്തത്. ജീവനക്കാർ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിൽ ഉണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു. പണം എടുക്കണമെന്ന് പറഞ്ഞ് ഇയാൾ ലോഡ്ജിൽ നിന്ന് ഇറങ്ങിപ്പോയി.
തുടർന്ന് മുറിയെടുക്കുന്ന സമയത്ത് സനൂഫ് നൽകിയ ഫോൺനമ്പരിൽ ബന്ധപ്പെട്ടെങ്കിലും അങ്ങനെ ഒരു നമ്പർ പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാൾ യാത്ര ചെയ്ത കാർ പാലക്കാട് ചക്കാന്തറയിലെ സ്കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയിരുന്നു. സനൂഫിന്റെ പേരിൽ ഫസീല നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീർപ്പായി. ഇതിന് ശേഷവും ഫസീലയും സനൂഫും തമ്മിൽ അടുപ്പത്തിലായിരുന്നു. രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്.