വടകര: വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച മേമുണ്ട ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നാട് സ്വീകരണം നല്കുന്നു. നാളെ (വ്യാഴം) മൂന്നിന് മേമുണ്ടയില്‍ സ്വീകരണ പരിപാടി നടക്കുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബി.ബീന, ഹെഡ്മാസ്റ്റര് പി.കെ.ജിതേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പിടിഎ, മാനേജ്മെന്റ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബ്ബുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം. ചല്ലിവയല്‍ മുതല്‍ മേമുണ്ട സ്കൂള്‍ വരെ ഘോഷയാത്രയായി പ്രതിഭകളെ സ്വീകരിച്ച് ആനയിക്കും. ചടങ്ങില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മുരളി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വി.റീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സുബീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
കലോത്സവത്തില്‍ ജേതാക്കളായ അറുപതോളം പേരേയും ശാസ്ത്രോത്സവത്തിലെ 20 പേരേയും കായികമേളയിലെ 19 പേരേയും വിജയഭേരിയില്‍ അനുമോദിക്കും. സ്കൂളിനും നാടിനും അഭിമാനമായ നേട്ടങ്ങളാണ് വിദ്യാര്‍ഥികള്‍ കൈവരിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. ക്ലാസ് തുടങ്ങുന്ന ജൂണ്‍ മുതലേ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പരിശീലനവും പ്രോത്സാഹനവും നല്‍കുകയാണ് മേമുണ്ടയുടെ രീതി. നാട്ടിന്‍പുറങ്ങളില്‍ നിന്നെത്തുന്ന കുട്ടികളെയാണ് ഇങ്ങനെ മികച്ചരീതയില് മാറ്റിയെടുക്കുന്നതെന്നു ഇത് നാടിന് മുതല്‍ക്കൂട്ടാണെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി പി.പി.പ്രഭാകരന്, മാനേജ്മെന്റ് കമ്മിറ്റി അംഗം ആര്.പി.രാജീവന്, പിടിഎ അംഗം സി.വി.കുഞ്ഞമ്മദ്, രാഗേഷ് പുറ്റാറത്ത് എന്നിവര്‍ പങ്കെടുത്തു