കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടന ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ വിവിധ പരിപാടികൾ നടക്കും. ‘ഭരണഘടന: ജനാധിപത്യത്തിൻ്റെ അടിസ്ഥാനം; അവകാശങ്ങളുടെ കാവലാൾ’ എന്ന പ്രമേയം മുൻനിർത്തി സംഘടിപ്പിക്കുന്ന ദിനാചരണ പരിപാടികൾ വൈകിട്ട് 4.30 ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യും. അസിസ്റ്റൻ്റ് കലക്ടർ ആയുഷ് ഗോയൽ ഭരണഘടന ആമുഖ വായന നിർവഹിക്കും. ജില്ല ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ

കരീം ആശംസ നേരും.ദിനാചരണ പരിപാടികളുടെ ഭാഗമായി വൈകിട്ട് 3.30ന് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഭരണഘടന ക്വിസിൻ്റെ ഫൈനൽ റൗണ്ട് വേദിയിൽ നടക്കും. തിങ്കളാഴ്ച നടന്ന ആദ്യ റൗണ്ടിൽ വിജയികളായ അഞ്ച് ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുക. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ഹരിദേവ്, ദിയ മിർഷ (പിവിഎസ് ഹയർ സെക്കൻഡറി സ്കൂൾ), ഹിറാൻ, സൂര്യദേവ് ടി എച്ച് (പെരിങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കീർത്തിമായ എ, അനന്യ എം (ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചാലപ്പുറം), നന്ദു കൃഷ്ണ എം കെ, ഹാഷ്ലിൻ ശ്യാം (മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), റിതുനാക കെ പി, കീർത്തന എ ബൈജു (ചാലപ്പുറം ജി.ജി.എം. ഗവ. ഹയർ സെക്കൻഡറി സ്കൂൾ) എന്നീ ടീമുകളാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹയർ

സെക്കൻഡറി വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച മോക്ക് പാർലമെന്റ് മികച്ച നിലയിൽ അവതരിപ്പിച്ച കിണാശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കുന്നമംഗലം എംകെഎച്ച്എംഎംഒ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗേൾസ് എന്നീ വിദ്യാലയങ്ങൾക്കുള്ള പ്രത്യേക അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. വൈകിട്ട് അഞ്ചിന് പ്രമേയം അടിസ്ഥാനപ്പെടുത്തി നടത്തുന്ന പാനൽ ചർച്ചയ്ക്ക് കേരള ഹൈക്കോടതി

അഭിഭാഷകൻ വി എൻ ഹരിദാസ്, കോഴിക്കോട് ഗവ. ലോ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ലോവൽമാൻ പി, മുൻ അഡീഷണൽ സർക്കാർ പ്ലീഡറും പ്രോസിക്യൂട്ടറുമായ അഡ്വ. പി എം ആതിര, അഭിഭാഷകനും കണ്ടന്റ് ക്രിയേറ്ററുമായ ഡോ. നവനീത് പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകും. വൈകീട്ട് 7 മണി മുതൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന ഓപ്പൺ മൈക്കും ഒരുക്കിയിട്ടുണ്ട്.