വടകര: രാഷ്ട്രീയ, സാംസ്കാരിക, കലാ പ്രവർത്തകനായിരുന്ന എസ്.വി. അബ്ദുള്ളയുടെ സ്മരണാർഥം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ
പുരസ്കാരങ്ങൾക്ക് ഡോ: വി.ഇദ് രീസും പി.ടി.കെ.ഷമീറും അർഹരായതായി ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ -ജീവകാരുണ്യ മേഖലയിൽ നടത്തുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഡോ: വി.ഇദ് രീസിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. പ്രവാസ മേഖലയിലെ നിസ്വാർഥ സേവനത്തിനാണ് മസ്കത്ത് ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ കൂടിയായ പി.ടി.കെഷമീറിനെ അവാർഡിനായി തെരഞ്ഞെടുത്തതെന്ന് സംഘാടകർ പറഞ്ഞു. ഈ വർഷത്തെ
അനുസ്മരണത്തിന്റെ ഭാഗമായി ഡിസംബർ ആദ്യവാരം വടകരയിൽ മാധ്യമ സെമിനാറും കോളജ് യൂണിയൻ സാരഥികൾക്കുള്ള അനുമോദനവും സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എം.സി വടകര, എസ് വി ഫൗണ്ടേഷൻ പ്രസിഡന്റ് എം.ടി അബ്ദുസ്സലാം, സെക്രട്ടറി പ്രൊഫസർ കെ കെ മഹമൂദ്, ജോ: സെക്രട്ടറി കെ.ടി.യൂനുസ് ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.


