വടകര: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂളിന് അഭിമാനനേട്ടം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം മേമുണ്ട കരസ്ഥമാക്കി. 322 പോയിന്റാണ് നാട്ടിന്‍പുറത്തെ ഈ വിദ്യാലയം സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തുള്ള സില്‍വര്‍ ഹില്‍സ് സ്കൂളിനേക്കാള്‍ നാല് പോയിന്റു മാത്രം കുറവ്. കലോത്സവം അവസാനിക്കുന്നതിന്
തൊട്ടുമുമ്പുവരെ മേമുണ്ടയായിരുന്നു ഒന്നാമത്. അവസാനനിമിഷമാണ് സില്‍വര്‍ ഹില്‍സ് മേമുണ്ടയെ മറികടന്നത്. എങ്കിലും മേമുണ്ടയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായി ഇത്തവണത്തെ കലോത്സവം. ഇനിയുള്ള കാലം ജില്ലയില്‍ തന്നെ മേമുണ്ടയുടെ സ്ഥാനം തിളങ്ങുന്നതായിരിക്കുമെന്ന് ഈ കലോത്സവം അടിവരയിടുന്നു. അത്രയേറെ പ്രതിഭകളെയാണ് ഈ വിദ്യാലയം തേച്ചുമിനുക്കിയെടുക്കുന്നത്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 152 പോയിന്റ് നേടി ജില്ലയില്‍ ഒന്നാമതെത്താന്‍ മേമുണ്ടയ്ക്ക് കഴിഞ്ഞു. ഹയര്‍ സെക്കന്ററിയില്‍ 139 പോയിന്റുമായി രണ്ടാമതെത്തി. യുപിയില്‍ 31 പോയിന്റുണ്ട്. 12 ഇനങ്ങളില്‍ ഒന്നാംസ്ഥാനവുമായി സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പൂരക്കളി, മലയാളപ്രസംഗം, ലളിതഗാനം, അഷ്ടപദി, ഗാനാലാപനം,. സംസ്കൃതം സംഘഗാനം, ഹയര്‍ സെക്കന്ററിയില്‍ പൂരക്കളി, മിമിക്രി, ഓട്ടന്തുള്ളല്, മലയാളം കഥാരചന, ഹിന്ദി പദ്യം ചൊല്ലല്‍, ഇരുളനൃത്തം എന്നിവയിലാണ് ഒന്നാമതെത്തിയത്. എട്ട് ഇനങ്ങള്‍ക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. രണ്ടാം സ്ഥാനം ലഭിച്ച മലയാളം നാടകം ‘ശ്വാസം’ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. നാടകത്തില്‍ അഭിനയിച്ച ഫിദല്ഗൗതം ജില്ലയിലെ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ നേട്ടങ്ങളുടെ ട്രാക്കിലാണ് ഈ വിദ്യാലയത്തിന്റെ കുതിപ്പ്.
ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത് ഓവറോള്‍ രണ്ടാം സ്ഥാനം വാങ്ങിയെടുത്ത മേമുണ്ടയിലെ മുഴുവന്‍ പ്രതിഭകളെയും പിടിഎ യും മാനേജ്മെന്റും അഭിനന്ദിച്ചു.