നാദാപുരം: മഞ്ഞപ്പിത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന നടത്തി. ഹോട്ടല്‍, ബേക്കറി, ചായക്കട, കൂള്‍ബാറുകള്‍, കാറ്ററിങ്ങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും വാണിമേല്‍ ഫെസ്റ്റ് നടക്കുന്ന പ്രദേശത്തും പരിശോധന നടത്തി.
ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മുളകുബജി നിര്‍മ്മാണ കേന്ദ്രത്തിലെ 60 ലിറ്റര്‍ എണ്ണ നശിപ്പിച്ചു. ശുചിത്വം ഉറപ്പു വരുത്താതെ ഉപ്പിലിട്ട ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കരുതെന്ന് നിര്‍ദ്ദേശിച്ചു. ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പരിശോധന രേഖ എന്നിവ പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ: പി.പി.സഫര്‍ ഇഖ്ബാല്‍ അറിയിച്ചു. കോട്പ നിയമപ്രകാരം 2000 രൂപ പിഴയീടാക്കി.
നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും കോട്പ നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നു പിഴയീടാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജയരാജ് നേതൃത്വം നല്കിയ പരിശോധനയില്‍ ജൂനി: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.വിജയരാഘവന്, സതീഷ് സി.പി, ചിഞ്ചു കെ.എം എന്നിവര്‍ പങ്കെടുത്തു.