വില്ല്യാപ്പള്ളി: അശാസ്ത്രീയമായ വാര്‍ഡ് വിഭജനമാണ് വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ നടന്നതെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. പല വാര്‍ഡുകളും ജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന രീതിയിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. വാര്‍ഡ് 6 അരയാക്കൂല്‍, വാര്‍ഡ് 7 വില്ല്യാപ്പള്ളി, വാര്‍ഡ് 16 ലോകനാര്‍കാവ്, വാര്‍ഡ് 18 ചല്ലിവയല്‍ തുടങ്ങിയ വാര്‍ഡുകള്‍ വിഭജിച്ചത് ജനങ്ങളുടെ യാത്രാസൗകര്യത്തിനെ പരിഗണിക്കാതെയാണ്. പോളിംഗ് സ്റ്റേഷനുകളായി പരിഗണിക്കാന്‍ കഴിയുന്ന പൊതുസ്ഥാപനങ്ങളില്ലാത്ത വാര്‍ഡുകളും നിലവിലുണ്ട്. പല വാര്‍ഡുകളും വിഭജിക്കുമ്പോള്‍

ജനങ്ങളുടെ പരസ്പര ബന്ധത്തെയോ യാത്രാ സൗകര്യങ്ങളോ പരിഗണിക്കുന്നതിന് പകരം രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെച്ചിട്ടുള്ളതാണെന്നു യോഗം കുറ്റപ്പെടുത്തി.
മുന്‍കാലങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വാര്‍ഡ് വിഭജനത്തിന്റെ നിര്‍ദ്ദേശം നല്കാന് ജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറി നല്കുന്ന കരട് പട്ടികയ്ക്ക് ആക്ഷേപം നല്‍കാനുള്ള അവസരം മാത്രമാണ് ഇത്തവണ നല്‍കിയിട്ടുള്ളത്. ഇങ്ങനെ ചെയ്തതുകൊണ്ടാണ് വലിയ അപാകതകള്‍ വാര്‍ഡ് വിഭജനത്തില്‍ സംഭവിച്ചതെന്നു യോഗം അഭിപ്രായപ്പെട്ടു. അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ പരാതി

നല്‍കാനും പരിഗണിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് സി. പി. ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു. ടി. ഭാസ്കരന്, വി.ചന്ദ്രന്, എന്‍.ശങ്കരന്, എം.പി.വിദ്യാധരന്, എന്‍.ബി. പ്രകാശ് കുമാര്‍, വി.കെ.ബാലന്, വി.കെ.പ്രകാശന്, അമീര്‍.കെ.കെ, വി.പ്രദീപ് കുമാര്‍, വി.മുരളീധരന്, രാജീവന് കോളോറ, പ്രശാന്ത്.എം.ടി, സുധീഷ്.കെ.എം, ഹരിദാസ്.വി.പി എന്നിവര്‍ പ്രസംഗിച്ചു.