വടകര: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനത്തില്‍ നഗരസഭയിലെ മുഴുവന്‍ സ്കൂളുകളും ഹരിത വിദ്യാലയമായി. പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പ്രഖ്യാപനം.
നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന മുനിസിപ്പല്‍ വിദ്യാഭ്യാസ കമ്മിറ്റി യോഗത്തില്‍ സ്കൂളുകള്‍ക്കുള്ള ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയര്‍പേഴ്സണ്‍ കെ പി ബിന്ദു നിര്‍വഹിച്ചു. വൈസ് ചെയര്മാന് പി കെ സതീശന്

അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സിന്ധു പ്രേമന് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ പി പ്രജിത, കൗണ്‍സിലര്‍മാരായ കാനപ്പള്ളി ബാലകൃഷ്ണന്, ടി വി ഹരിദാസന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ പി രമേശന് ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ ഷംന പി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ അധ്യാപകര്‍, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊര്‍ജ്ജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം

എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് ഹരിത വിദ്യാലയത്തിന്റെ മാനദണ്ഡം. ഇതനുസരിച്ച് എ ഗ്രേഡ്, എ പ്ലസ് ഗ്രേഡ് എന്നിവയാണ് ഹരിത വിദ്യാലയങ്ങള്‍ക്ക് നല്‍കുന്നത്. നിലവില്‍ എ ഗ്രേഡ് ലഭിച്ച മുഴുവന്‍ വിദ്യാലയങ്ങളെയും എ പ്ലസ് ഗ്രേഡിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ അറിയിച്ചു.