തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെയുള്ള നടന്മാർക്കെതിരെ സമർപ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിൻവലിക്കുന്നെന്ന് നടി.സർക്കാരില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും അതുകൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന് കേസുകള്‍ പിൻവലിക്കുന്നതിനായി കത്ത് നല്‍കുമെന്നും പരാതിക്കാരി അറിയിച്ചു. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യം തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും നടി വ്യക്തമാക്കി.

നടൻ മുകേഷ് ഉള്‍പ്പടെ ഏഴ് പേർക്കെതിരെയാണ് ആലുവ സ്വദേശിയായ നടി ലൈംഗിക ആരോപണം ഉന്നയിച്ചത്. ഈ നടിക്കെതിരെ ബന്ധുവായ യുവതിയുടെ പരാതിയില്‍ പൊലീസ് പോക്സോ കേസെടുത്തിരുന്നു. 16 വയസുള്ളപ്പോള്‍ ഓഡീഷനാണെന്ന് പറഞ്ഞ് ചെന്നൈയില്‍ കൊണ്ടുപോകുകയും മറ്റ് പലർക്കും കൈമാറാൻ ശ്രമിച്ചെന്നുമായിരുന്നു നടിക്കെതിരെയുള്ള പരാതി. പരാതിയില്‍ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഈ കേസില്‍ സത്യം തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നാണ് നടി ഇപ്പോള്‍ ആരോപിക്കുന്നത്.

തനിക്കെതിരെയുള്ള പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും അതിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നുമാണ് നടി ആരോപിക്കുന്നത്. മുകേഷ് ഉള്‍പ്പടെയുള്ള നടന്മാർക്കെതിരെ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയാണ് പോക്സോ കേസ്. സർക്കാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും തനിക്ക് പിന്തുണ ലഭിച്ചില്ല. അതില്‍ മനം മടുത്താണ് കേസുകളില്‍ നിന്ന് പിന്മാറുന്നതെന്ന് നടി വ്യക്തമാക്കുന്നു.കേസ് പിൻവലിക്കുന്നതിനായി നടി ഔദ്യോഗികമായി അന്വേഷണ സംഘത്തെ ബന്ധപ്പെട്ടില്ലെന്നാണ് വിവരം. ഉടൻ ഇ മെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്കുന്ന പൂങ്കുഴലി ഐപിഎസിന് കത്ത് നല്‍കുമെന്നും നടി അറിയിച്ചു.