മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ അദ്ദേഹത്തിന്റെ വസതിയിലെത്തി
സന്ദർശിച്ച് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. മലപ്പുറം കിഴിശ്ശേരിയിലെ വസതിയിലെത്തിയാണ് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് ദിനം കൂടിയായ ഇന്ന് രാവിലെ ഏഴുമണിയോടെ സന്ദീപ് സന്ദർശിച്ചത്. ഇന്നലെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ സന്ദീപിനെതിരെ സി.പി.എം നൽകിയ മുഴുപ്പേജ് പരസ്യം വിവാദമായി കത്തുന്നതിനിടെയാണ് സന്ദർശനം.

തങ്ങളുടെ ആരോഗ്യവിവരങ്ങളും മറ്റും അന്വേഷിച്ച സന്ദീപുമായി തങ്ങൾ അൽപനേരം സൗഹൃദസംഭാഷണം നടത്തി. ഏറെക്കാലമായി കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സന്ദീപ് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ പകർപ് കൈമാറിയാണ് അദ്ദേഹം മടങ്ങിയത്.
മതപരവും ആത്മീയവും സാമുദായിക വിദ്യാഭ്യാസപരവുമായ രംഗങ്ങളിൽ സൂര്യതേജസ്സായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും അതിന് നേതൃത്വം നൽകുന്ന പണ്ഡിതശ്രേഷ്ടരാണ് ജിഫ്രി തങ്ങളെന്നും സന്ദീപ് വാര്യർ പറഞ്ഞു. അദ്ദേഹത്തോട് അങ്ങേയറ്റത്തെ ആദരവാണുള്ളതെന്നും കാണാൻ സാധിച്ചതിലും അനുഗ്രഹം തേടാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.