വടകര: പ്രമുഖ നാടക കലാകാരൻ തയ്യുള്ളതിൽ രാജൻ രചിച്ച ‘നിർവ്വാണം’ നാടകത്തിന്റെ ഓർമ പുതുക്കുന്നു. ഇതിന്റെ ഭാഗമായി 23-ാം തിയ്യതി ശനിയാഴ്ച വടകര ടൗൺഹാളിൽ വിവിധ പരിപാടികൾ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാടകം ആദ്യമായി അരങ്ങിലെത്തിയ എൺപതുകളുടെ തുടക്കം മുതൽ ഇന്നോളം ആസ്വാദകരെ വിസ്മയിപ്പിച്ചുപോന്ന രചനയാണ്’ ‘നിർവ്വാണം’. തയ്യുള്ളതിൽ രാജന്റെ സർഗജീവിതം അമ്പതാണ്ട് പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രകൃഷ്ട കൃതിയായ ‘നിർവ്വാണ’ത്തിൻ്റെ ഓർമ പുതുക്കൽ നടക്കുന്നത്. നിർവ്വാണം നാടകാനുഭവം, ഷഡ്ഭാഷാപതിപ്പിൻ്റെ പ്രകാശനം എന്നിവ ഓർമപുതുക്കൽ

പരിപാടിയുടെ ഭാഗമായി നടക്കും. 23 ന് ശനിയാഴ്ച മൂന്ന് മണിക്ക് ടൗൺഹാളിൽ മനോജ് നാരായണൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ‘നിർവ്വാണം: അനുഭവം’ വി.ടി. മുരളി ഉദ്ഘാടനം ചെയ്യും. ‘നിർവ്വാണം’ നാടകവുമൊത്ത് സഞ്ചരിച്ച പ്രൊഫ. എം. ചന്ദ്രൻ, രാജൻ സി. കണ്ണുക്കര, ടി.പി. അച്യുതൻ, റൂബി, ഡോ. ഹെന, കെ.എ. മനാഫ്, സത്യൻ കാവിൽ, സുരേഷ് ബാബു കാവിൽ, സുനിൽ കാവുംഭാഗം, കലദാസ്, രാജേന്ദ്രൻ എടത്തും കര എന്നിവർ നാടകാനുഭവങ്ങൾ പങ്കുവെക്കും. തുടർന്ന് സാമൂഹ്യവിമർശകൻ പ്രൊഫ. എൻ. സുഗതൻ

അധ്യക്ഷത വഹിക്കുന്ന പുസ്തകപ്രകാശന സമ്മേളനം കന്നടനാടകകൃത്തും നടനും സംവിധായകനുമായ പ്രൊഫ. എച്ച്.എസ്. ഉമേഷ ഉദ്ഘാടനം ചെയ്യും. ‘നിർവ്വാണം’ നാടകത്തിന്റെ ആദ്യാവതരണത്തിൽ സിദ്ധാർഥനായി വേഷമിട്ട ടി.പി. അച്യുതന് ആദ്യപ്രതി നൽകിക്കൊണ്ട് വിഖ്യാതഅഭിനേത്രി ഇന്ദിര നായർ ഷഡ്ഭാഷാപതിപ്പിൻ്റെ പ്രകാശനം നിർവഹിക്കും. നോവലിസ്റ്റും നാടകപ്രവർത്തകനുമായ ജയൻ ശിവപുരം പ്രഭാഷണം നടത്തും. ഡോ. ഹേന (ഹിന്ദി), ഡോ. നാദാ ഷെട്ടി (കന്നഡ), ഡോ. ടി.എം. രഘുറാം (തമിഴ്), അമ്മിണി വർഗീസ് (സംസ്കൃതം), കെ.പി. സുനിൽ കുമാർ (ഇംഗ്ലീഷ്) എന്നിവരാണ് പരിഭാഷ നിർവ്വഹിച്ചത്. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി.കെ. വിജയരാഘവൻ , ജനറൽ കൺവീനർ കെ.പി. സുനിൽകുമാർ, കൺവീനർമാരായ പുറന്തോടത്ത് സുകുമാരൻ, പി. സോമശേഖരൻ
എന്നിവർ പങ്കെടുത്തു.