മലപ്പുറം: കോണ്‍ഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
മുംസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ എംഎൽഎ, പി.കെ. ഫിറോസ് തുടങ്ങിയവരെല്ലാം സന്ദീപിനെ സ്വീകരിക്കാൻ പാണക്കാട് എത്തിയിരുന്നു.
നേരത്തെ സന്ദീപ് വാര്യറെ മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിലൂടെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു. വെൽക്കം ബ്രോ എന്ന ടാഗ് ലൈനോടുകൂടിയായിരുന്നു സ്വാഗതം ചെയ്തത്. ഇതിനു പിന്നാലെയാണ് സന്ദീപിനെ പാണക്കാടേക്ക് ക്ഷണിച്ചത്. ബിജെപിയുടെ ഭാഗമായിരുന്നപ്പോൾ കുഞ്ഞാലിക്കുട്ടിക്കും സാദിഖലി ശിഹാബ് തങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് സന്ദീപ് വാര്യര്‍ ഉന്നയിച്ചിട്ടുള്ളത്. ബിജെപി നേതാവായിരുന്ന സമയത്ത് അദ്ദേഹത്തിന് ലീഗിനെതിരെ സംസാരിക്കേണ്ടി വന്നിട്ടുണ്ട്, എന്നാല്‍ അതെല്ലാം വ്യത്യസ്ത ചേരികളില്‍ നില്ക്കുമ്പോഴുണ്ടാകുന്ന പ്രശ്നം മാത്രമാണെന്ന് ലീഗ് നേതാവ് പി പി അഷ്റഫ് അലി പറഞ്ഞു. കോണ്‍ഗ്രസുമായി കൈകോര്‍ത്തതോടെ വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്നു സ്നേഹത്തിന്റെ കമ്പോളത്തിലേക്ക് വരികയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അത് വലിയ സന്ദേശമാണ്. രാഹുല്‍ ഗാന്ധിയുടെ സന്ദേശം ബിജെപി നേതാക്കളെ ഉള്‍പ്പെടെ സ്വാധീനിച്ചു എന്നതിന്റെ ഉദാഹരണമാണെന്നും പി പി അഷ്റഫ അലി പറഞ്ഞു.