കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കോഴിക്കോട്ട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍. ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹര്‍ത്താലില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നാളത്തെ രാഷ്ട്രീയ ഹര്‍ത്താല്‍ വ്യാപാരി സമിതി അംഗീകരിക്കില്ലെന്ന് സമിതി ജില്ലാ നേതാക്കള്‍ വ്യക്തമാക്കി. സമിതിയുടെ നേതൃത്വത്തില്‍ നാളെ ജില്ലയില്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഇതിനകം സ്വീകരിച്ചതായും വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂറും സെക്രട്ടറി സന്തോഷ് സബാസ്റ്റ്യനും അറിയിച്ചു.
വളരെ പെട്ടന്ന് പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ വ്യാപാരികളുടെ ജീവിക്കാനുള്ള അവകാശത്തെ ചൂഷണം ചെയ്യുന്നതാണ്. ആപത്കരമായ സാമ്പത്തിക സാഹചര്യം നേരിടുന്ന വ്യാപാരികള്‍ക്കാണ് ഇത്തരം ഹര്‍ത്താലുകളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. പൊതുജീവിതത്തെ തടസപ്പെടുത്തുന്നതും അശ്രദ്ധയോടെ പ്രഖ്യാപിക്കുന്നതുമായ ഹര്‍ത്താല്‍ നിരന്തരം ആവര്‍ത്തിക്കുന്നത് അസഹ്യമാണെന്നും വ്യാപാരി സമിതി അഭിപ്രായപ്പെട്ടു.