വടകര: പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ നഗരസഭാ കൗണ്‍സില്‍ യോഗം സാംസ്കാരിക ചത്വരത്തിന് വാടക നിശ്ചയിച്ചു. രാവിലെ മുതല്‍ രാത്രി ഒമ്പതുവരെയുള്ള പരിപാടികള്‍ക്ക് 4000 രൂപയും രാവിലെ മുതല്‍ പകല്‍ രണ്ടുവരെയുള്ള പരിപാടികള്‍ക്ക് 1500 രൂപയും പകല്‍ മൂന്നു മുതല്‍ രാത്രി ഒമ്പതര വരെയുള്ള പരിപാടികള്‍ക്ക് 2500 രൂപയും ഈടാക്കും. ജിഎസ്ടി ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഡെപ്പോസിറ്റായി 3500 രൂപ അടയ്ക്കണം. ഈ തുക
തിരിച്ചുനല്‍കും.വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. യോഗത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിര്‍മിച്ച സാംസ്കാരിക ചത്വരത്തിന് വാടക നിശ്ചയിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തില്‍ ഇറങ്ങിപ്പോവുകയും ചെയ്തു.ഇതിനു പിന്നാലെയാണ് വാടക നിര്‍ദേശം അംഗീകരിച്ചത്. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വരാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോവുന്നതിനാ
ണ് ചത്വരത്തിന് ചെറിയ വാടക നിശ്ചയിച്ചതെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. ചത്വരത്തിന്റെ വൈദ്യുതി ബില്‍, ശുചീകരണം തുടങ്ങിയവയും നിര്‍വഹിച്ചു പോവേണ്ടതുണ്ട്. വാടക ഈടാക്കാനുള്ള തീരുമാനത്തോട് പൊതുസമൂഹം സഹകരിക്കണമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെപി.ബിന്ദു അഭ്യര്‍ഥിച്ചു.