കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണച്ച കോണ്‍ഗ്രസ് വിമതര്‍ക്ക് അട്ടിമറി വിജയം. ജനാധിപത്യ സംരക്ഷണ സമിതിയെന്ന പേരില്‍ മത്സരിച്ച 11 അംഗ പാനല്‍ എല്ലാ സീറ്റിലും വിജയിക്കുകയായിരുന്നു. പാനലില്‍ നാല് പേര് സിപിഎമ്മില്‍ നിന്നും ഏഴ് പേര് കോണ്‍ഗ്രസ് വിമതരുമാണ്. നിലവില്‍ ബാങ്ക് പ്രസിഡന്റായ ജി.സി പ്രശാന്ത് കുമാറിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു.
1963 രൂപീകരിച്ച ബാങ്ക് 61 വര്‍ഷമായി കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ആദ്യ സൂപ്പര്‍ക്ലാസ് ബാങ്കാണ് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. 100 കോടിയുടെ ആസ്തിയും 504 കോടി നിക്ഷേപവുമുള്ള ബാങ്ക് 224 കോടി രൂപയാണ് ലോണ്‍ നല്‍കിയിട്ടുള്ളത്.
എട്ട് ബ്രാഞ്ചും മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റും മൂന്ന് നീതി മെഡിക്കല്‍ സ്റ്റോറുകളും സഞ്ചരിക്കുന്ന എടിഎം കോര്‍ബാങ്കിംഗ് സംവിധാനവും ഉള്ള ബാങ്കിന് തൊണ്ടയാട് 65 സെന്റ് സ്ഥലവും പാറോപ്പടിയിലും കോവൂരിലും സ്വന്തമായി ഭൂമിയും കെട്ടിടവുമുണ്ട്.
ചേവായൂര്‍, നെല്ലിക്കോട്, കോവൂര്‍, കോട്ടൂളി, പറയഞ്ചേരി എന്നീ അഞ്ച് സ്ഥലങ്ങളിലാണ് ബാങ്കിന് കീഴിലുള്ള ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. 36000-ത്തില്‍ അധികം എ ക്ലാസ് മെമ്പര്‍ ഉള്ള ബാങ്കിന്റെ ഭരണ സമിതി തെരഞ്ഞെടുപ്പില്‍ 8500 മെമ്പര്‍മാരാണ് വോട്ട് ചെയ്തത്.
കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ വിമതര്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങി. വോട്ടര്‍മാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി.
സിപിഎം 5000ല്‍ അധികം കള്ളവോട്ടുകള്‍ ചെയ്തുവെന്നും കോണ്‍ഗ്രസിന്റെ പതിനായിരത്തോളം വോട്ടുകള്‍ പോള്‍ ചെയ്യാന്‍ അനുവദിച്ചില്ലെന്നുമാണ് ആരോപണം. സഹകരണ വകുപ്പിന്റെയും പോലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടണെന്ന് എംകെ രാഘവന് എംപി ആരോപിച്ചു. വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചും മറ്റും കോണ്‍ഗ്രസാണ് കള്ളവോട്ടിന് നേതൃത്വം നല്‍കിയതെന്ന് സിപിഎം ആരോപിച്ചു. വോട്ടെടുപ്പ് കേന്ദ്രമായ പറയഞ്ചേരി സ്കൂളിന് പുറത്ത് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ പലവട്ടം ഏറ്റുമുട്ടി.