വടകര: പഴയ സ്റ്റാന്റിനോട് ചേര്‍ന്ന പഴയ ബിഎഡ് സെന്റര്‍ ഗ്രൗണ്ടില്‍ പുതുതായി നിര്‍മിച്ച സാംസ്കാരിക ചത്വരം പൊതുജനത്തിന് ഉപയോഗിക്കുന്നതിനായി പണം ഈടാക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും സമര രംഗത്തിറങ്ങണമെന്ന് ആര്‍എംപിഐ വടകര ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വടകരയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറേണ്ട പൊതു ഇടങ്ങള്‍ പൊതുജനത്തിന് തുറന്നുകൊടുക്കുന്നതിനു പണം ഈടാക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. കോട്ടപ്പറമ്പ്, പുതിയ സ്റ്റാന്‍ഡ്, നാരായണ
നഗരം, സാംസ്കാരിക ചത്വരം ഇപ്പോള്‍ നില്ക്കുന്ന സ്ഥലം ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്തുന്നതിന് ഇക്കാലം വരെയും ജനങ്ങള്‍ സ്വതന്ത്രമായി ഉപയോഗിച്ചു പോന്നതാണ്. ഇതിനു സമാനമായ സാംസ്കാരിക ചത്വരം 50 ലക്ഷം രൂപ മുടക്കി പുനര്‍ നിര്‍മ്മിച്ചു എന്ന പേരിലാണ് ഫീസ് ഏര്‍പെടുത്താന്‍ നഗരസഭ തീരുമാനിച്ചത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിര്‍മിച്ച ഇത്തരം പൊതുഇടങ്ങള്‍ ഉപയോഗിക്കുന്നതിനായി ജനങ്ങള്‍ വീണ്ടും പണം നല്‍കണമെന്ന് പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ സമീപനമാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല. ആകെ ഉണ്ടായിരുന്ന വടകര ടൗണ്‍ഹാള്‍ 1750 മുടക്കിയായിരുന്നു നേരത്തെ ജനങ്ങള്‍
പരിപാടികള്‍ക്കായി ഉപയോഗിച്ചിരുന്നത്. ടൗണ്‍ ഹാള്‍ ഒരുതരത്തിലും നവീകരിക്കാതെ ഈ തുക അയ്യായിരവും പത്തായിരവുമായി ഉയര്‍ത്താന്‍ ഒരു മടിയും കാണിക്കാത്ത നഗരസഭയാണ് ഇപ്പോള്‍ ഒരു പൊതു ഇടത്തിന് പണമീടാക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടുമായി മുന്നോട്ടു പോകുന്നത്. ഇതിനെതിരെ എല്ലാവരും സമര രംഗത്ത് ഇറങ്ങേണ്ടതുണ്ട്. നഗരസഭ ധനകാര്യ കമ്മിറ്റിയുടെയും പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായത്തെയും മാനിക്കാതെയാണ് ഇത്തരമൊരു നീക്കത്തിന് നഗരസഭാ ഭരണകൂടം ഒരുങ്ങുന്നത്. ഇതിനെതിരായി വലിയ പ്രക്ഷോഭത്തിന് ആര്‍എംപിഐ നേതൃത്വം നല്‍കുമെന്നും എല്ലാവരുടെയും പിന്തുണ ഈ പോരാട്ടത്തിന് ഉണ്ടാവണമെന്നും ആര്‍എംപിഐ ഏരിയ ചെയര്മാന് എ.പി.ഷാജിത്ത്, സെക്രട്ടറി പി.എം.വിനു എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.