കണ്ണൂർ: കണ്ണൂർ കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസ് അപകടത്തില്‍ മരിച്ച നാടക

കലാകാരികളുടെ കുടുംബങ്ങൾക്ക് 25000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ. കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേരള സംഗീത നാടക അക്കാദമിയോട് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. കൂടുതല്‍ സഹായങ്ങള്‍ നല്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ്

അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.
അടിയന്തിര ധനസഹായം അപര്യാപ്തമെന്ന് സി ആര് മഹേഷ് എംഎല്‍എ
നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേര് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്തമെന്ന് നാടക സംഘാടകന്‍ കൂടിയായ കരുനാഗപ്പള്ളി എംഎല്‍എ സി.ആര്.മഹേഷ് പറഞ്ഞു. നാടക നടിമാരായ കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ കുടുംബങ്ങള്‍ക്ക് 25000 രൂപ വീതമാണ് അടിയന്തിര സഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് കൂടിയായ സി.ആര്.മഹേഷ് ആവശ്യപ്പെട്ടു. അപകടത്തില്‍ പരുക്കേറ്റവര്‍ക്കും നാടക സമിതി ഉടമയ്ക്കും നഷ്ടപരിഹാരം നല്‍കണം. ജെസി മോഹന്‍ സ്വന്തം വീടോ സ്ഥലമോ ഇല്ല. മൃതദേഹം എവിടെ അടക്കണമെന്ന് പോലും അറിയാത്ത അവസ്ഥയാണ്. സിനിമാ
മേഖലയ്ക്ക് കിട്ടുന്ന പിന്തുണ നാടകക്കാര്‍ക്ക് ലഭിക്കുന്നില്ല. നാടകത്തെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ കണ്ണു തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.