നാദാപുരം: നാദാപുരം മേഖലയില്‍ കോടികളുടെ വെട്ടിപ്പ് നടത്തി ഖത്തര്‍ പ്രവാസിയും ഭാര്യയും മുങ്ങി. നിരവധി പേരാണ്
ഇവരുടെ തട്ടിപ്പില്‍ കുടുങ്ങിയത്. കുറ്റ്യാടി സ്വദേശിയും നാദാപുരത്തെ താമസക്കാരനുമായ പ്രവാസിയും ഭാര്യയുമാണ് ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയത്.
നാദാപുരം മേഖലയിലെ പ്രമുഖ ബിസിനസുകാരോടൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും കാണിച്ച് വിശ്വാസം ആര്‍ജിച്ച ശേഷം വായ്പയായും ബിസിനസില്‍ കൂട്ടു ചേര്‍ക്കാമെന്നും പറഞ്ഞാണ് വന്‍ തുക വാങ്ങിയെടുത്തത്. അടുത്ത സുഹൃത്തുക്കളെ ഉള്‍പെടെ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം.
ബാങ്കുകളില്‍ നിന്ന് ലേലം ചെയ്യുന്ന പഴയ സ്വര്‍ണം വാങ്ങിക്കാനായി 40 ലക്ഷത്തോളം രൂപയാണ് പ്രവാസിയുടെ ഭാര്യ ജാതിയേരി സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്. ഇതില്‍ പണം സ്വീകരിക്കുന്ന വീഡിയോ പരാതിക്കാരുടെ കൈവശം ഉണ്ട്.
നല്കിയ പണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചു കിട്ടാതായതോടെയാണ് തട്ടിപ്പിനിരയായതായി മനസിലാക്കുന്നത്. കുറ്റ്യാടി, വടകര താഴെഅങ്ങാടി, നാദാപുരം, ജാതിയേരി, പുറമേരി, പേരാമ്പ്ര സ്വദേശികളാണ് തട്ടിപ്പിനിരയായത്.
അടുത്തിടെയായി ജാതിയേരി, കടമേരി, തലായി സ്വദേശികളില്‍ നിന്ന് ഒന്നര കോടിയിലേറെ രൂപ ഇയാള്‍ കൈവശപ്പെടുത്തതായി വിവരം ഉണ്ട്. വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടില്‍ ചെക്ക് കേസില്‍ പെട്ടതോടെ തട്ടിപ്പ് കാരനും ഭാര്യയും ഇപ്പോള്‍ ഖത്തറില്‍ നിയമനടപടി നേരിടുകയാണ്.
നല്കിയ പണം തിരികെ ചോദിക്കുന്നവരെയും തട്ടിപ്പ് കാരനെ തേടി ഇയാളുടെ വീട്ടിലെത്തുന്നവരെയും സഹോദരങ്ങള്‍
ഭീഷണിപ്പെടുത്തുന്നതായി പരാതി ഉണ്ട്. പീഡന കേസിലും മറ്റും ഉള്‍പ്പെടുത്തുമെന്നാണ് ഭീഷണി. തട്ടിപ്പിനിരയായവര്‍ നിയമ നടപടിയുമായി പോലീസിനെയും കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ്.