വടകര: മേപ്പയിൽ ശ്രീനാരായണ കലാകേന്ദ്രം സംഘടിപ്പിക്കുന്ന മൂന്നാമത് അഖില കേരള പ്രൊഫഷണൽ നാടകോത്സവവും കലാകേന്ദ്രത്തിൻ്റെ 32-ാ മത് വാർഷികാഘോഷവും നവംബർ 17 മുതൽ 23 വരെ മേപ്പയിൽ ശ്രീനാരായണ ബസ് സ്റ്റോപ്പിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറുമെന്ന് കലാകേന്ദ്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത പ്രഫഷനൽ നാടക സംഘങ്ങൾ അവതരിപ്പിക്കുന്ന 5 ശ്രദ്ധേയങ്ങളായ നാടകങ്ങൾ അവതരിപ്പിക്കും. എല്ലാ ദിവസവും രാത്രി ഏഴിന് നാടകങ്ങൾ അരങ്ങേറും. ഇത്തവണ ശ്രീനാരായണ കലാകേന്ദ്രത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന
സ്നേഹ പൂക്കൾ എന്ന നാടകവും ഒപ്പം അരങ്ങേറും.ആദ്യ ദിനമായ 17 ന് കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമൻ്റെ സങ്കീർത്തനം, 18 ന് വടകര കാഴ്ചയുടെ ശിഷ്ടം, 19 ന് ശ്രീനാരായണ കലാകേന്ദ്രത്തിൻ്റെ സ്നേഹ പൂക്കൾ, 20 ന് തിരുവനന്തപുരം നവോദയയുടെ കലുങ്ക്, 21ന് തിരുവനന്തപുരം സാഹിതിയുടെ മുച്ചീട്ടുകളിക്കാരൻ്റെ മകൾ എന്നീ നാടകങ്ങളാണ് അരങ്ങേറുക.22 ന് 7ന് സർഗവിരുന്ന് നടക്കും. നൃത്തനൃത്യങ്ങൾ, ഒപ്പന, തിരുവാതിര, കോമഡി സ്കിറ്റ് എന്നിവ ഉണ്ടാകുംസമാപന ദിവസം രാത്രി 7 ന് കോഴിക്കോട് ഊഞ്ഞാല നാടൻ
കലാ സാംസ്കൃതിയുടെ കടുംതുടിപ്പാട്ട് അരങ്ങേറും.നാടകോത്സവം 17 ന് 6.30ന് പ്രശസ്ത നാടക സംവിധായകൻ രാജീവൻ മമ്മിള്ളി ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ അധ്യക്ഷത വഹിക്കും. സമാപനം 23 ന് 7ന് നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്യും. കലാകേന്ദ്രം പ്രസിഡൻ്റ് പി.കെ.നാരായണൻ അധ്യക്ഷത വഹിക്കും. തുടർന്ന് കലാകേന്ദ്രം അവതരിപ്പിക്കുന്ന മാപ്പിള കോൽക്കളി അരങ്ങേറും.
വാർത്താസമ്മേളനത്തിൽ മേപ്പയിൽ ശ്രീനാരായണ കലാകേന്ദ്രം പ്രസിഡൻ്റ് പി.കെ.നാരായണൻ, സെക്രട്ടറി വി.പി.ദേവനാഥൻ, ഒ.പി. ദാസൻ, എം.കെ.ദാസൻ, കെ. പി. രതീശൻ എന്നിവർ പങ്കെടുത്തു.