ഓര്‍ക്കാട്ടേരി: ഏറാമല പഞ്ചായത്തിലെ തട്ടോളിക്കരയില്‍ മുണ്ടങ്ങാട്ട് താഴെ തണ്ണീര്‍ത്തടങ്ങള്‍ നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും തണ്ണീര്‍ത്തടങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കുന്നുമ്മക്കര ഏരിയ കമ്മിറ്റി ഏറാമല വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്കി. പ്രദേശവാസികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികാരികള്‍ വൈകുന്ന പക്ഷം പ്രേക്ഷോഭം
സംഘടിപ്പിക്കുമെന്ന് ബിജെപി മുന്നറിയിപ്പു നല്കി.ഈ പ്രദേശത്ത് തണ്ണീര്‍ത്തടം നികത്തുന്നതിനെതിരെ ബിജെപി ഇടപെട്ടതിനു പിന്നാലെ ആര്‍ഡിഒ സ്ഥലത്തെത്തിയിരുന്നു. അവര്‍ നിര്‍ദേശിച്ചതു പ്രകാരമാണ് വില്ലേജ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്. ഈ മേഖലയില്‍ വ്യാപകമായി തണ്ണീര്‍ത്തടം നികത്തുകയാണെന്നും ശക്തമായ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.കുന്നുമ്മക്കര ഏരിയ പ്രസിഡന്റ് സജീവന്.ടി.കെ, ഒഞ്ചിയം മണ്ഡലം ജനറല്‍ സെക്രട്ടറി അഭിജിത്ത്.കെ.പി, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി ശ്രാവണ്‍, ബൂത്ത് സെക്രട്ടറി അശ്വന്ത് എന്നിവര്‍ സംബന്ധിച്ചു.