കോഴിക്കോട്: സംസ്ഥാന ബിവറേജസ് കോര്‍പറേഷനിലെ ചില്ലറ വില്പന ശാലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കേണ്ട അഡീഷണല്‍ അലവന്‍സ് ഉടന്‍ നല്‍കണമെന്ന് ബെവ്കോ എംപ്ലോയീസ് അസോസിയേഷന് (ഐഎന്‍ടിയുസി) ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. മാനേജ്മെന്റ് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്ത് ഒരു വര്‍ഷമായിട്ടും പ്രശ്നം പരിഹരിക്കാത്തതിലും സര്‍വീസ് ആനുകൂല്യങ്ങളുടെ വിഷയത്തില്‍ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥ വിഭാഗവും കാണിക്കുന്ന അലസ നിലപാടിലും കണ്വെന്ഷന് പ്രതിഷേധിച്ചു. നവംബര്‍ 28ന് ബെവ്കോ ആസ്ഥാനത്തേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ.ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പ്രദീപ്, പി.ടി.പ്രബീഷ്, എം.ശിവശങ്കരന്, റെജിമോന് ടി.ടി, സുജേഷ് എം.എസ്, പ്രമോദ് കെ എന്നിവര്‍ സംസാരിച്ചു.