രാവിലെ 10 ന് ആരംഭിക്കുന്ന പരിപാടി വൈകുന്നേരം വരെ നീണ്ടുനിൽക്കും. പ്രഭാഷണങ്ങൾക്കു പുറമെ കാളിദാസന്റെ ശ്രദ്ധേയമായ ശ്ളോകങ്ങൾ വി.ടി. മുരളിയും കൂട്ടരും അവതരിപ്പിക്കും. കാവ്യങ്ങളിലെയും നാടകങ്ങളിലെയും വാങ്മയചിത്രങ്ങൾ ആർടിസ്റ്റ് മദനൻ, സുധാകരൻ എടക്കണ്ടി എന്നിവരടങ്ങുന്ന സംഘം കടലാസിൽ പകർത്തും. ഉച്ചകഴിഞ്ഞ് ഭാസൻ്റെ ‘കർണഭാരം’ എന്ന നാടകം കൊയിലാണ്ടി ഭാസ അക്കാദമിയിലെ എം.കെ.സുരേഷ് ബാബു അവതരിപ്പിക്കും. നാട്യശാസ്ത്രാനുസാരിയായ രീതികൾ
അവലംബിച്ചുകൊണ്ട് സംസ്കൃത നാടകത്തെ കാണികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് സംഘാടകർ പറഞ്ഞു. ഒപ്പംതന്നെ ശാകുന്തളം നാലാമങ്കത്തിന്റെ വേഷഭൂഷാദികളില്ലാതെയുള്ള വാചികപാഠം വടകരയിലെ സുഹദ്സംഘം അരങ്ങിൽ എത്തിക്കും. വാർത്താ സമ്മേളനത്തിൽ ബോധി വടകര പ്രസിഡൻറ് ഡോ. കെ.എം. സുഭാഷ്, സെക്രട്ടറി ടി. രാധാകൃഷ്ണൻ, പി. ലോഹിതാക്ഷൻ, എം. മധുസൂദനൻ എന്നിവർ പങ്കെടുത്തു.