വടകര: പുത്തൂരില്‍ റിട്ട.പോസ്റ്റ്മാനെയും മകനെയും വീട്ടില്‍കയറി അക്രമിച്ച സംഭവത്തില്‍ പിടിയിലായ ക്വട്ടേഷന്‍ സംഘം ഉള്‍പെടെയുള്ള പ്രതികളുടെ അറസ്റ്റ് വടകര പോലീസ് രേഖപ്പെടുത്തി. ക്വട്ടേഷന്‍ നല്കിയ പുത്തൂര്‍ ശ്യാംനിവാസില്‍ മനോഹരന് (58), ക്വട്ടേഷന്‍ സംഘത്തിലെ വില്യാപ്പള്ളി സ്വദേശികളായ കാഞ്ഞിരവള്ളിക്കുനി വിജീഷ് (42), പനയുള്ള മീത്തല്‍ സുരേഷ് (49), ചുണ്ടയില്‍ മനോജ് (40) പട്ടര് പറമ്പത്ത് രഞ്ജിത്ത് (46), എന്നിവരെയാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച
വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. റിട്ട.പോസ്റ്റ്മാന് പുത്തൂര്‍ പാറേമ്മല്‍ രവീന്ദ്രനെയും മകന് ആദര്‍ശിനെയുമാണ് സംഘം ആക്രമിച്ചത്. മാരകമായ അക്രമമാണ് രവീന്ദ്രനു നേരെയുണ്ടായത്. സമീപവാസികളായ മനോഹരനും രവീന്ദ്രനും തമ്മില്‍ നിലനില്‍ക്കുന്ന വസ്തുതര്‍ക്കത്തിന്റെ പേരില്‍ രവീന്ദ്രനെ ആക്രമിക്കാന്‍ മനോഹരന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ നാലിനാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രവീന്ദ്രനെയും മകന് ആദര്‍ശിനെയും സംഘം മാരകായുധങ്ങളുമായി എത്തി ആക്രമിച്ചത്. രണ്ട് പേര് മുഖംമൂടി ധരിച്ചും ഒരാള്‍ മുഖത്ത് കരിവാരി തേച്ചുമാണ് അക്രമിക്കാനെത്തിയത്. രവീന്ദ്രന്റെ കാല് അക്രമികള്‍ തല്ലിയൊടിച്ചു. തടയാനെത്തിയപ്പോഴാണ് മകന് ആക്രമിക്കപ്പെട്ടത്. പോലീസെത്തിയായിരുന്നു പരിക്കേറ്റ
ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. നാടിനെ ഞെട്ടിച്ച അക്രമത്തിലെ പ്രതികളെ ഉടന്‍ പിടികൂടി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പെടെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം ഊര്‍ജിതമാക്കിയതും പ്രതികളെ പിടികൂടിയതും. സിസിടിവി ദൃശ്യത്തിലൂടെയാണ് കേസിനു തുമ്പുണ്ടായത്. പ്രതികള്‍ എത്തിയ ജീപ്പ് സംബന്ധിച്ച് സൂചന ലഭിച്ചതോടെ നടപടി എളുപ്പത്തിലായി. പ്രതികളെയും ഇവര്‍ വന്ന ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. വടകര മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
എസ്ഐ പവനന്, എഎസ്ഐമാരായ രാജേഷ്, ഗണേശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റിനീഷ് കൃഷ്ണ, സൂരജ്, സിവില്‍പോലീസ് ഓഫീസര്‍ സജീവന് എന്നിവരാണ് പ്രതികളെ പിടികൂടിയത്.