കോഴിക്കോട്: ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം ക്ലാസ് മുറിയിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വീണ്ടും പരിഷ്കരിക്കുന്നതിന് വേണ്ടി എസ്സിഇആര്ടി നേതൃത്വം നല്കുന്ന പാഠപസ്തക രചന ശില്പശാല വടകര ഇരിങ്ങല്‍ സര്‍ഗാലയയില്‍ ആരംഭിച്ചു. ശില്പശാല മൂന്നു ദിവസം നീണ്ടുനില്‍ക്കും. കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായാണ് പുതിയ പാഠപുസ്തകം ക്ലാസനുഭവങ്ങളുടെ വെളിച്ചത്തില്‍ രണ്ടാംവര്‍ഷം പരിഷ്കരിക്കുന്നത്. പുതിയ പാഠപുസ്തകങ്ങള്‍ ക്ലാസനുഭവങ്ങളുടെ വെളിച്ചത്തില്‍ പരിഷ്കരിക്കണമെന്ന
വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന്റെ ആദ്യപടിയായാണ് ഒന്നാം ക്ലാസ് പുസ്തങ്ങള്‍ പരിഷ്കരിക്കാന്‍ എസ്സിഇആര്ടി നടപടി ആരംഭിച്ചത്. പാഠപുസ്തകം, പ്രവര്‍ത്തന പുസ്തകം, ടീച്ചര്‍ ടെക്സ്റ്റ് എന്നിവയാണ് പരിഷ്കരിക്കുന്നത്. 2024-25 വര്‍ഷം ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന തെരഞ്ഞെടുത്ത അധ്യാപകരും പാഠപുസ്തക രചയിതാക്കളും ചേര്‍ന്നാണ് ശില്പശാല നടത്തുന്നത്. ക്ലാസ്റൂം സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പാഠ പുസ്തകപരിഷ്കരണം സഹായിക്കുമെന്ന് ശില്പശാലയില് പങ്കെടുത്ത അധ്യാപകര്‍ അഭിപ്രായപ്പെട്ടു.
ശില്പശാല സമഗ്രശിക്ഷ ജില്ല പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ.അബ്ദുള്‍ ഹക്കിം
ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ. യു കെ അബ്ദുന്നാസര്‍ അധ്യക്ഷനായി. എസ്സിഇആര്ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് വളളിക്കോട്, വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ വി വി വിനോദ്, കെ ബിന്ദു, ടി ഷൈജു, ശ്രീനേഷ്, ആഗ്നസ് എന്നിവര്‍ സംസാരിച്ചു.