നാദാപുരം: ഉപജില്ലാ സ്കൂള്‍ കലോത്സവം ചൊവ്വ മുതല്‍ വെള്ളിയാഴ്ച വരെ കല്ലാച്ചി ജിഎച്ച്എസ്എസില്‍ നടക്കും. കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 292 ഇനങ്ങളിലാണ് കുട്ടികള്‍ മാറ്റുരക്കുന്നത്. ചൊവ്വാഴ്ച രാവിലെ 9ന് രചനാ മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചക്ക് ശേഷം 2.30ന് കല്ലാച്ചിയിലെ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ഘോഷയാത്ര തുടങ്ങും. ഘോഷയാത്രയില്‍ വിവിധ ക്ലബ്ബുകള്‍ നിരവധി ഫേ്ളാട്ടുകള് അവതരിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകള്‍ക്ക് സമ്മാനം നല്‍കും. വൈകീട്ട് നാലിന് മന്ത്രി എ.കെ.ശശീന്ദ്രന് കലോത്സവം ഉദ്ഘാടനം ചെയ്യും. 13,14,15 തിയ്യതികളില്‍ 8 വേദികളിലായാണ് കലാ മത്സരംം. കല്ലാച്ചി ഗവ യുപിയിലും പയന്തോങ്ങ് ടൗണിനടുത്തും വേദികളുണ്ട്. ഹൈടെക് സ്കൂള്‍ മൈതാനിയിലാണ് ഭക്ഷണ ശാല. 15 ന് സമാപന സമ്മേളനം ഇ.കെ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കലോത്സവം നടക്കുന്ന മേഖല സിസിടിവി നിരീക്ഷണത്തിലായിരിക്കും.
സ്വാഗത സംഘം ചെയര്‍മാനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ വി.വി മുഹമ്മദലി, മറ്റ് ഭാരവാഹികളായ ശ്രീഷ ഒതയോത്ത്, രാജീവന് പുതിയെടുത്ത്(എഇഒ), ടി മഹേഷ്, എ ദിലീപ് കുമാര്‍, ടി സുഗതന്, എം.കെ സന്തോഷ്, വി ടി ലിഗേഷ് എന്നിവര്‍ പങ്കെടുത്തു.