വടകര: ചോറോട് പഞ്ചായത്തിലെ ഏക ഹൈസ്കൂളായ മലമ്മല്‍ സ്കൂള്‍ എന്നറിയപ്പെടുന്ന ചോറോട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പൂര്‍വ വിദ്യാര്‍ഥി-അധ്യാപകസംഗമം വേറിട്ട അനുഭവമായി. രാവിലെ മുതല്‍ രാത്രി വൈകും വരെ നീണ്ട പരിപാടികള്‍ അപൂര്‍വ വിരുന്നായി. 1974 ല്‍ 27 പെണ്‍കുട്ടികളും ഒരു അധ്യാപകനുമായി ആരംഭിച്ച സ്കൂള്‍ ഇന്ന് നേട്ടങ്ങളുടെ നെറുകെയാണ്.
കുരിക്കിലാട്ടെ അങ്ങാടി മലയില്‍ സ്ഥിതി ചെയ്യുന്ന മലേമ്മല്‍ സ്കൂളില്‍ പഴയകാല സ്കൂളിന്റെ സ്മരണയില്‍ തന്നെയായി ഒത്തുകൂടല്‍. ഏകദേശം അമ്പതോളം ബാച്ചുകള്‍ ഡ്രസ് കോഡുകളടക്കം സെറ്റ് ചെയ്ത് കൊണ്ട്തന്നെ എത്തി. ഇന്ന് (ഞായര്‍)രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിച്ച രജിസ്ട്രഷനില്‍ 1600 ല്‍പ്പരം പൂര്‍വ്വ വിദ്യാര്‍ഥികള്‍ എത്തി ചേര്‍ന്നു. വിദേശത്തും അന്യസംസ്ഥാനത്തുമുള്ളവര് എന്നിങ്ങനെ ഏകദേശം പേരും ഓര്‍മകളുടെ മധുരവുമായി പങ്കെടുത്തു. പഴയ സ്കൂള്‍ അന്തരീക്ഷം നിലനിര്‍ത്തി നാരങ്ങാമിഠായിയും ഉപ്പിലിട്ട മാങ്ങ, കൈതച്ചക്ക, നെല്ലിക്ക, കടല മിഠായി എന്നിവയടക്കമുള്ള മിഠായി കട, പഴയ കാല ബാച്ചുകളുടെ ഫോട്ടോ പ്രദര്‍ശനം എന്നിവ ഏറെ ശ്രദ്ധേയമായി. തുടക്കം മുതല്‍ സേവനമനുഷ്ഠിച്ച അധ്യാപകര്‍ പ്രായം അവഗണിച്ച് ദൂരെ നിന്നടക്കം എത്തിച്ചേര്‍ന്നു.
സംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് കെ.ടി.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ നടന് പി.പി. കുത്തികൃഷ്ണന്, നടി രചനാ നാരായണന് കുട്ടി, സ്കൂള്‍ പ്രിന്‍സിപ്പള്‍ കെ.ജി.ദീപ, ഹെഡ് ടീച്ചര്‍ കെ.സുധ, പി.ടി.എ. പ്രസിഡന്റ് കെ.കെ. മധു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാര്‍ എവി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ എന്‍ നിധിന് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്‍.കെ.അജിത്കുമാര്‍ നന്ദിയും പറഞ്ഞു. പൂര്‍വാധ്യാപകരായ എം.ബാലകൃഷ്ണന്, ഡി.ഷീജ, പി. ഗൗരി, ഉഷ, സി.എം നാരായണന്, പി.കെ.ഗംഗാധരന്, വി.പി.മുഹമ്മദ്, പി.പി. അന്ത്രു, ബേബി എന്നിവര്‍ സാന്നിധ്യം അറിയിച്ചു. പൂര്‍വ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍, രാഗവല്ലി ആര്‍ട്സിന്റെ ഗാനമേള എന്നിവ അരങ്ങേറി.