ആയഞ്ചേരി: ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനാല്‍ ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പദ്ധതികള്‍ താളം തെറ്റുന്നതായി ആക്ഷേപം. അസി. സെക്രട്ടറി, അസി. എഞ്ചിനീയര്‍, ഓവര്‍സിയര്‍, വിഇഒ, പാര്‍ട്ട് ടൈം സ്വീപ്പര്‍ തുടങ്ങിയ പോസ്റ്റുകളാണ് നിയമനമില്ലാത്തതിനാല്‍ ഒഴിഞ്ഞു കിടക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സെക്രട്ടറി ഉള്‍പ്പെടെ പത്തിലേറെ ഉദ്യോഗസ്ഥരെ ഒന്നിച്ച് സ്ഥലം മാറ്റിയത്. അതിനു പകരമായി ചുമതലയേറ്റവര്‍ ഓരോരുത്തരായി വന്ന് കാര്യങ്ങള്‍ പഠിച്ചു വരികയാണ്. പ്രധാനപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതും ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്നതും പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെയാണ് തകിടം മറിക്കുന്നത്.
എല്‍എസ്ജിഡി വകുപ്പില്‍ 2024-25 വര്‍ഷത്തില്‍ നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. 17 വാര്‍ഡുകളിലായി സിഎഫ്സി ഗ്രാന്‍ഡില്‍ ഉള്‍പ്പെടുത്തിയുള്ള റോഡുകള്‍, മെയിന്റനന്‍സ് ഗ്രാന്റിലുള്ള റോഡ് നവീകരണ പ്രവൃത്തി, ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്ന സംയുക്ത പദ്ധതികള്‍, കെട്ടിടങ്ങളുടെ പ്രവൃത്തി എന്നിവ അടിയന്തരമായി നടക്കേണ്ടതുണ്ട്. മാര്‍ച്ചിനു മുമ്പ് തീര്‍ക്കാനുള്ള നൂറുകണക്കിന് പദ്ധതികളാണ് ഓരോ പഞ്ചായത്തിലും ഉള്ളത്. ഒരു അസി.എഞ്ചിനീയറും ആവശ്യത്തിന് ഓവര്‍സിയര്‍മാരും ഓരോ പഞ്ചായത്തിനും സ്വന്തമായി ഉണ്ടെങ്കില്‍ മാത്രമേ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തുതീര്ക്കാന് കഴിയുകയുള്ളൂ. ഈ അവസരത്തിലാണ് ആയഞ്ചേരിയില്‍ ഒരു എഇയുടെയും ഓവര്‍സിയറുടെയും തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. മണിയൂര്‍ പഞ്ചായത്തിലെ എഞ്ചിനീയര്‍ക്കാണ് ഇപ്പോള്‍ താല്‍ക്കാലിക ചുമതല. ഇത്രയും വലിയ ജോലിഭാരം ഒരാള്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമാണ്.
പുതുതായി ചുമതലയേറ്റ സെക്രട്ടറിക്ക് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ചുമതലയുള്ളതിനാല്‍ പഞ്ചായത്തില്‍ തന്നെ ഏറെ നേരം ചെലവഴിക്കാന്‍ കഴിയില്ല. പകരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് അസി. സെക്രട്ടറിയാണ്. കൂടാതെ മറ്റു ദൈനംദിന കാര്യങ്ങളും നോക്കേണ്ടത് അസി.സെക്രട്ടറിയാണ്. ആ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. വിഇഒ ഇല്ലാത്തതിനാല്‍ നിരവധി ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണ്. മാലിന്യമുക്ത നവകേരളം പോലുള്ള പദ്ധതികള്‍ക്ക് നേതൃപരമായ പങ്കുവഹിക്കേണ്ടതും വിഇഒ ആണ്. ജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളുമാണ് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാല്‍ നഷ്ടമാകുന്നത്.
ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് എന്‍.അബ്ദുല്‍ഹമീദ്, മുന്‍ പ്രസിഡന്റ് കാട്ടില്‍ മൊയ്തു ഉള്‍പ്പെടെയുള്ള സംഘം കലക്ടര്‍ക്കും ജോയിന്റ് ഡയറക്ടര്‍ക്കും നിവേദനം നല്കി. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പു നല്കി.