വടകര: പുറമേരി പഞ്ചായത്തിലെ അരൂര്‍ മേഖലയില്‍ കാട്ടു പന്നികളുടെ ആക്രമം വ്യാപകമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടിയില്ലാത്തതില്‍ പ്രതിഷേധം. ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ച സാഹചര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് അരൂര്‍ മഹാത്മ ഗ്രാമസേവാ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍. കാല് നടയായും ഇരു ചക്ര വാഹനങ്ങളിലും സഞ്ചരിക്കാന്‍ കഴിയാതായി. ആശങ്കയോടെയാണ് രക്ഷിതാക്കള്‍ സ്കൂളുകളിലും മദ്രസകളിലും കുട്ടികളെ അയക്കുന്നത്. കഴിഞ്ഞ ദിവസം കാഴ്ച പരിമിതിയുള്ള ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരനായ ആളെ റോഡില്‍ വെച്ചാണ് പന്നി ആക്രമിച്ചത്. ഇയാളുടെ കാലിന്റെ മാംസം ചിതറിയ നിലയിലാണ്. സ്റ്റിച്ചിടാന്‍ കഴിയാത്ത നിലയിലാണുള്ളത്. പലരേയും നേരത്തെയും ആക്രമിച്ചിട്ടുണ്ട്. മാത്രവുമല്ല കൃഷി പൂര്‍ണമായി നിലക്കുന്ന സ്ഥിതിയാണ്. കൂട്ടമായെത്തുന്ന പന്നികള്‍ എല്ലാ കൃഷിയും നശിപ്പിക്കുകയാണ് . ജൈവ പച്ചക്കറി ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്ന പദ്ധതി വ്യാപകമാക്കിയിരുന്നെങ്കിലും പന്നി ശല്യത്തെ തുടര്‍ന്ന് നിലച്ചിരിക്കുകയാണ്. വന്‍ നഷ്ടമാണ് ഒരു പ്രദേശത്തിനുണ്ടാകുന്നത്.
സ്ഥിതി ഇത്ര ഏറെ വഷളായിട്ടും സത്വര നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. വലിയ തോതിലാണ് ഈ മേഖലയില്‍ പന്നിയുടെ വംശ വര്‍ധനവ്. ഇതുവരെ പന്നി വേട്ടക്കാരെ വരുത്താന്‍ പോലും തയ്യാറായിട്ടില്ല. ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ നായാട്ടുകാര്‍ എത്തുകയുള്ളു. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് ശാശ്വത പരിഹാരം കാണണം. പന്നിയെ വെടിവെക്കുന്നതിനായി പ്രദേശവാസികള്‍ക്ക് താല്‍ക്കാലികമായെങ്കിലും തോക്ക് അനുവദിക്കണം. ജനങ്ങളുടെ ജീവിതം ഭീഷണിയിലായ അവസ്ഥയില്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ഗ്രാമസേവാസമിതി ചെയര്മാന് കുനിയില്‍ ഗോപാലന്, എം.കെ.ഭാസ്കരന്, ചെത്തില്കുമാരന്, എം.പി.രാജന് എന്നിവര്‍ പങ്കെടുത്തു.