മലപ്പുറം: കാണാതായ തിരൂര്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ പി ബി ചാലിബ് വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടത് എന്ന് ഡെപ്യുട്ടി തഹസില്‍ദാര്‍ പിബി ചാലിബ് പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെ രാവിലെ ഭാര്യയുടെ ഫോൺ കോൾ എടുത്ത ചാലിബ് കര്‍ണാടകയിലെ ബസ് സ്റ്റാന്റിലാണുളളതെന്നും വീട്ടിലേക്ക് എത്തുമെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്.
സംഭവത്തില്‍ ബന്ധുക്കള്‍ തിരൂര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ഒറ്റയ്ക്കാണ് ഉള്ളതെന്നും കൂടെ ആരും ഇല്ലെന്നുമാണ് ചാലിബ് വീട്ടുകാരോട് പറഞ്ഞത്. ചാലിബിനെ കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്.
കാണാതായ ദിവസം വൈകിട്ട് 5.15 ന്ചാലിബ് ഓഫീസില്‍ നിന്നും ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്സ്ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.