കല്പറ്റ : വഖഫിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കോൺഗ്രസിന്റെ പരാതി. പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. മണിപ്പൂരിലെ സംഭവത്തിന് സമാനമായതാണ് കേരളത്തിലെ വഖഫ് ബോർഡ് വിഷയമെന്നും നാല് ആംഗലേയ അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം എന്നുമാണ് സുരേഷ് ഗോപി പ്രസംഗത്തിൽ പറഞ്ഞത്. വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥി നവ്യാ ഹരിദാസിന്റെ പ്രചരണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. കോൺഗ്രസ് നേതാവ് അനൂപ് വി.ആർ ആണ് പോലീസിൽ പരാതി നൽകിയത്.
അമിത് ഷായുടെ ഓഫീസിൽ നിന്ന് ഒരു വീഡിയോ വന്നിട്ടുണ്ട്. സംസ്ഥാന ജില്ലാ നേതൃത്വങ്ങൾക്ക് ആ വീഡിയോ അയച്ചു കൊടുത്തിട്ടുണ്ടെന്നും, അത് പ്രചാരത്തിൽ വരണമെന്നും സുരേഷ് ഗോപി പ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു. മുനമ്പത്ത് മാത്രമല്ല, ഒരുവിഭാഗത്തെ മാത്രം സംരക്ഷിക്കാനല്ല നരേന്ദ്ര മോദി നയിക്കുന്ന ഭാരതീയ ജനതാപാർട്ടി ഇവിടെയുള്ളത്. ഭാരതത്തിൽ ആ കിരാതം ഒടുക്കിയിരിക്കും എന്ന് വ്യക്തമാക്കി കഴിഞ്ഞു. മുനമ്പത്തെ സുഖിപ്പിച്ചുകൊണ്ട് ഞങ്ങൾക്ക് ഒന്നും നേടണ്ട, വഖഫ് ബില്ല് പാർലമെന്റിൽ പാസാക്കിയിരിക്കുമെന്നും മായക്കാഴ്‌ചയായി അത് സ്വീകരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
രാജ്യത്തിന് ഒരു വോട്ട് എന്ന നിലയിൽ തൃശൂരിൽ ജനങ്ങൾ തീരുമാനിച്ചതു കൊണ്ടാണ് താൻ ജയിച്ചത്. ഈ വയനാടും ഇങ്ങ് എടുത്തിരിക്കും. നവ്യയെ നിങ്ങൾ ജയിപ്പിച്ചാൽ എന്റെ അടുത്ത പോരാട്ടം നവ്യ വഴി ഒരു കേന്ദ്ര മന്ത്രിക്കായി ആയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ജയിച്ചാൽ നവ്യയെ കേന്ദ്ര മന്ത്രിയാക്കാൻ പോരാടും. വയനാടുകാർക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നൽകാനുള്ള അവസരമാണ്. ശിക്ഷാ നടപടികൾ വയനാട്ടുകാർ സ്വീകരിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു.