നാദാപുരം: അടച്ചിട്ട വീടുകള്‍ കുത്തിത്തുറന്ന് മോഷണം വ്യാപകം. ചെക്യാട് നാലുപുരക്കണ്ടി ബാലകുറുപ്പിന്റെ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ മോഷണം നടന്നു. കളവ് പോയവയില്‍ വിലപിടിപ്പുള്ള ഓട്ടു പാത്രങ്ങള്‍, ഉരുളികള്‍, കിണ്ണം, കിണ്ടി, കോളാമ്പി, കുട്ടള ചെമ്പ് എന്നിവ ഉള്‍പ്പെടും. ഒരാഴ്ച മുമ്പ് വീട് പൂട്ടി പുറത്ത് പോയതായിരുന്നു. രാവിലെ മകന് വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. മുന്‍ വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വളയം പോലീസില്‍ പോരാതി നല്കി. രണ്ട് മാസം മുന്‍പ് ബാലകുറുപ്പിന്റെ സഹോദരിയുടെ വേവത്തെ ഉണിക്കാട്ടില്‍ വീട്ടില്‍ മോഷണം നടന്നെങ്കിലും കളവ് പോയ ഉരുളിയും ചെമ്പ് പാത്രങ്ങളും ആക്രിക്കടയില്‍ നിന്നും തിരിച്ചു കിട്ടുകയായിരുന്നു. സമാന രീതിയില്‍ ഒരാഴ്ച മുമ്പ് വെള്ളൂരിലെ വീട്ടില്‍ നിന്ന് മോഷണം നടത്തിയ തൊണ്ടിമുതലുകളും നാടോടി സ്ത്രീകളെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചിരുന്നു.