വടകര: തോടന്നൂര്‍ ഉപജില്ല സ്‌കൂള്‍ കലോല്‍സവം 11 മുതല്‍ 14 വരെ വില്യാപ്പള്ളി എംജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. കലോത്സവത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
300 ഇനങ്ങളില്‍ നാലു ദിവസങ്ങളിലായി നാലായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും. 68 എല്‍പിയും 18 യുപി യും അഞ്ചു വീതം ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി വിഭാഗവുമാണ് തോടന്നൂര്‍ ഉപജില്ലയില്‍ ഉള്ളത്. 11 ന് തിങ്കളാഴ്ച രചന മല്‍സരങ്ങളാണ് നടക്കുന്നത്. തുടര്‍ന്നുള്ള മൂന്ന്ദിവസങ്ങളില്‍ മഹാത്മഗാന്ധിയെ ഓര്‍മപ്പെടുത്തുന്ന ഏഴുവേദികളില്‍ മല്‍സരം നടക്കും. പുതിയ ഇനങ്ങളില്‍ മംഗലംകളി, പണിയനൃത്തം, ഇരുളനൃത്തം എന്നിവയും ഉണ്ടാവും. 12 ന് വൈകുന്നേരം നാലിന് പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചരിത്രകാരന്‍ പി.ഹരീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും. സമാപന സമ്മേളനം 14ന് വൈകുന്നേരം ആറിന് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ.കെ.രമ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. മേളയുടെ വിജയത്തിനായി സ്വാഗതസംഘത്തിന്റെയും വിവിധസബ്കമ്മറ്റികളുടെയും നേതൃത്വത്തില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്.
വാര്‍ത്താസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മുരളി പൂളക്കണ്ടി, എഇഒ വിനോദ് എം, സ്വാഗതസംഘം ജന:കണ്‍വീനര്‍ അബ്ദുറഹ്‌മാന്‍ കളമുള്ളതില്‍, ഹെഡ്മാസ്റ്റര്‍ ഷംസുദ്ദീന്‍ ആര്‍, ഫെസ്റ്റിവെല്‍ കമ്മറ്റി കണ്‍വീനര്‍ അജിത്ത് കുമാര്‍ ടി, പബ്ലിസിറ്റി ചെയര്‍മാന്‍ എം.കെ.റഫീഖ്, കണ്‍വീനര്‍ പി.പവിത്രന്‍, ശ്രീജേഷ് എന്നിവര്‍ സംബന്ധിച്ചു.