വടകര: വടകര റെയില്‍വേ സ്റ്റേഷനിലെ യൂസേഴ്സ് ഓട്ടോ പാര്‍ക്കിംഗ് ഫീസ് 2400 രൂപയില്‍ നിന്ന് ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സതേണ്‍ മോട്ടോര്‍ ആന്‍ഡ് റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ പാലക്കാട് സീനിയര്‍ ഡിവിഷന് കൊമേഴ്സ്യല്‍ മാനേജര്‍ക്ക് നിവേദനം നല്കി ഇന്ധന വില വര്‍ധനവും ഇന്‍ഷുറന്‍സ്
പ്രീമിയത്തിന്റെ വര്‍ധനവും തൊഴില്‍ ലഭ്യതയുടെ കുറവും തൊഴിലാളികളുടെ ജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഓട്ടോറിക്ഷയുടെ ഒരു വര്‍ഷത്തെ റോഡ് ടാക്സ് 650 രൂപ മാത്രമാണെന്നിരിക്കെ റെയില്‍വേ സ്റ്റേഷനുകളിലെ പ്രധാന ട്രെയിന്‍ സമയങ്ങളില്‍ ഏതാനും മണിക്കൂര്‍ മാത്രം പാര്‍ക്ക് ചെയ്യുന്നതിന് 2400 രൂപ ഈടാക്കുന്നത് വലിയ ചൂഷണം ആണ്. ദിവസം 200 രൂപ പോലും ഇന്ന് വടകരയിലെ ഗതാഗത കുരുക്ക്
കാരണം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് കിട്ടാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ വര്‍ധന പുനപരിശോധിക്കണമെന്ന് യൂണിയന് ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് കണ്ണോത്ത് നിവേദനത്തില്‍ ആവശ്യപ്പെട്ടു. വടകര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സതീശന് കുരിയാടി, നജീബ് കെ.പി എന്നിവര്‍ കൂടെയുണ്ടായിരുന്നു