നാദാപുരം: നവംബര്‍ 15 മുതല്‍ നടക്കുന്ന നാദാപുരം ഉപജില്ല കലോത്സവത്തിന്റെ ആരോഗ്യകരമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യവിഭാഗം തുടക്കം കുറിച്ചു. കല്ലാച്ചി, ചേലക്കാട്, പയന്തോങ്ങ് എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, ബേക്കറികള്‍, ശീതള പാനീയ ശാലകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ തുടങ്ങിയവയില്‍ മിന്നല്‍ പരിശോധന നടത്തി. ജില്ലയില്‍ കൂടുതല്‍ മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കലോത്സവങ്ങളുടെയും പൊതുപരിപാടികളുടെയും നടത്തിപ്പില്‍ അതീവ ജാഗ്രത പാലിക്കണമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കലോത്സവവുമായി ബന്ധപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തില്‍ ആരോഗ്യ പ്രതിരോധ കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കിയത്. സ്കൂളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കലോത്സവ കമ്മിറ്റിക്ക് നല്കി. സ്കൂളുകളില്‍ നിന്നും ഭക്ഷണ വിതരണം നടത്തുന്ന സ്ഥലത്ത് നിന്നും സമീപസ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ കുടിവെള്ള സാമ്പിളുകള്‍ ഗുണനിലവാര പരിശോധനയ്ക്കായി അയച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥലത്ത് ക്ലോറിനേഷന് പരിപാടികള്‍ ഊര്‍ജിതമാക്കി. സ്ഥാപന പരിശോധനയില്‍ പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ വില്പനയ്ക്കായി സൂക്ഷിച്ചതും വൃത്തിഹീനമായി സ്ഥാപനം നടത്തുന്നതുമായും കണ്ടെത്തിയ ദോശ ഹട്ട് ചേലക്കാട്, ഇല്ലത്ത് ഹോട്ടല്‍ കല്ലാച്ചി, കല്ലാച്ചി മാര്‍ക്കറ്റിന് മുന്‍പിലുള്ള കെ.ആര് സ്റ്റോര്‍, എന്നിവ താല്‍ക്കാലികമായി അടച്ചിടാന്‍ നോട്ടീസ് നല്കി. ചേലക്കാടുള്ള റെയ്ദാന്‍ മന്തി എന്ന സ്ഥാപനത്തിന് പിഴ ചുമത്തി. പയന്തോങ്ങിലുള്ള ഗവണ്മെന്റ് യുപി സ്കൂള്‍ കെട്ടിടത്തിനു മുന്നിലെ കാടുപിടിച്ച സ്ഥലം 24 മണിക്കൂറിനകം വൃത്തിയാക്കാന്‍ ഉടമയ്ക്ക് നിര്‍ദ്ദേശം നല്കി. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരി, പഞ്ചായത്ത് എച്ച്ഐ സജിനി, ജൂനിയര്‍ എച്ച്ഐമാരായ ബാബു. കെ, പ്രസാദ്.സി, അമ്പിളി.യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്കി. വരും ദിവസങ്ങളിലും പരിശോധന ശക്തിപ്പെടുത്തുമെന്നും പൊതുജനാരോഗ്യ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നാദാപുരം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍.നവ്യ ജെ. അറിയിച്ചു.