കുറ്റ്യാടി: ഹരിതി വിജേഷും ഹരിനി വിജേഷും അതിയായ സന്തോഷത്തിലാണ്. ഒന്നിച്ച് പിറന്ന് ഒന്നായി പഠിച്ച് ഇപ്പോള്‍ ഒരുമിച്ച് ഒരു കോളജില്‍ എംബിബിഎസ് പഠനത്തിനായി വ്യാഴാഴ്ച യാത്ര തിരിക്കുകയാണ്.
ഒന്നാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്ററി വരെ ഒരെ ക്ലാസിലാണ് മിടുക്കികളായ ഇരട്ട സഹോദരിമാര്‍ പഠിച്ചത്. കലാ രംഗത്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിവിധ വിഭാഗങ്ങളില്‍ ഇവര്‍ വിജയികളായിരുന്നു. നീറ്റ് പരീക്ഷയില്‍ നല്ല മാര്‍ക്കോടെ തെലങ്കാനയിലെ ഗവ. മെഡിക്കല്‍ കോളജ് മെഹബൂബാബാദിലാണ് ഇരുവര്‍ക്കും എംബിബിഎസിന് അഡ്മിഷന് ലഭിച്ചിരിക്കുന്നത്. വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകരായ വി.വിജേഷിന്റെയും നിഷ വിജേഷിന്റെയും മക്കളാണിവര്‍. അഭിമാനകരമായ നേട്ടം കൈവരിച്ച ഹരിതിയെയും ഹരിനിയെയും കെപിഎസ്ടിഎ കുന്നുമ്മല്‍ ഉപജില്ല കമ്മിറ്റി അനുമോദിച്ചു. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ.ഹാരിസ് ഉപഹാരങ്ങള്‍ കൈമാറി. ഉപജില്ല പ്രസിഡന്റ് ജി.കെ.വരുണ്‍ കുമാര്‍ അധ്യക്ഷനായി. പി.പി.ദിനേശന്, ടി.വി.രാഹുല്‍, എസ്.എസ്.അമല്‍ കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.