വടകര: പുത്തൂർ വിഷ്ണു ക്ഷേത്രത്തിൽ ഏകാദശി മഹോത്സവം നവംബർ 12 മുതൽ ഡിസംബർ 11 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിവ് പൂജകൾക്ക് പുറമെ എല്ലാ ദിവസവും അന്നദാനം, കലാ-സാംസ്കാരിക പരിപാടികൾ എന്നി വ ഉണ്ടായിരിക്കും.12 ന് വൈകുന്നേരം
5.30 ന് വി.കെ. സുരേഷ് ബാബു പ്രഭാഷണം നടത്തും. കവി ചെറുശേരിയുടെ സ്മരണക്കായി ഡിസംബർ 1 ന് സാഹിത്യോത്സവം നടക്കും. പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്യും. ഡോ. എം. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. മധു കടത്തനാട് അധ്യക്ഷത വഹിക്കുന്ന കവി സമ്മേളനം അഡ്വ. ഷാക്കിറ ഉദ്ഘാടനം ചെയ്യും. ഡിസംബർ 8 ന് സംഗീതോത്സവം അരങ്ങേറും. രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെ സംഗീതാരാധന
ഉണ്ടായിരിക്കും. സംഗീതജ്ഞൻ തരണി രാമചന്ദ്രന്റെ കച്ചേരിയോട് കൂടി സമാപിക്കും. അവസാന ദിവസമായ 11ന് കടമേരി ശ്രീജിത്ത് മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, കാഴ്ച ശീവേലി, ട്രിപ്പിൾ തായമ്പക എന്നിവ ഉണ്ടായിരിക്കും.വാർത്ത സമ്മേളനത്തിൽ എം.വിജയൻ, കോമുള്ളി രവീന്ദ്രൻ, എം.കെ. മഹേശൻ, തയ്യുള്ളതിൽ രാജൻ, സി.കെ. രാഘവൻ നമ്പ്യാർ, എം.കെ. ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.